തിരുവനന്തപുരം: 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച നടിക്കുള്ള പ്രത്യേക പരാമർശം നേടിയതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് നടി ജ്യോതിർമയി. 'ബെഗേൻവില്ല' എന്ന സിനിമയിലെ അഭിനയത്തിനാണ് നടിക്കുള്ള ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചത്. 'കുറച്ചു നാളുകൾക്ക് ശേഷമാണ് നല്ലൊരു പ്രോജക്റ്റ് ചെയ്യാൻ സാധിച്ചത്. അതിലെ മികച്ച റോൾ ചെയ്യാനും അതിന് ഇത്തരത്തിലൊരു അംഗീകാരം ലഭിച്ചതും വലിയ സന്തോഷം നൽകുന്നു. ഇതിനെല്ലാം ഞാൻ ബോണസായിട്ടാണ് കാണുന്നത്,' ജ്യോതിർമയി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന അവാർഡിനായി മത്സരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിച്ച താരം, നല്ല അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു. ഈ വർഷത്തെ പുരസ്കാര നിർണയത്തിൽ മികച്ച മത്സരം നടന്നതായും അവർ സൂചിപ്പിച്ചു. അമൽ നീരദ് സംവിധാനം ചെയ്ത 'ബെഗേൻവില്ല'യിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ ജ്യോതിർമയിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ പുരസ്‌കാരങ്ങൾ നിർണയിച്ചത്. 128 എൻട്രികൾ ആണ് പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് വന്നത്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്.

ആസിഫ് അലി, വിജയരാഘവന്‍, ടൊവിനോ തോമസ്, സൗബിന്‍ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്. മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം ദര്‍ശന രാജേന്ദ്രനും ജ്യോതിര്‍മയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാര്‍ശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അര്‍ഹരായി. ബൊഗെയ്ന്‍ വില്ലയിലെ അഭിനയത്തിന് ജ്യോതിര്‍മയിക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു. വേടനാണ് ഗാനരചയിതാവ്. ഹരിശങ്കര്‍ മികച്ച പിന്നണി ഗായകനും സെബ ടോമി മികച്ച പിന്നണി ഗായികയുമായി പുരസ്‌കാര ജേതാക്കളായി.