ചെന്നൈ: മികച്ച പ്രേക്ഷക ശ്രദ്ധ നേടി വിജയക്കുതിപ്പ് തുടരുന്നതിനിടെ 'ഡ്യൂഡ്' എന്ന സിനിമ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. പ്രദീപ് രംഗനാഥൻ നായകനായെത്തുന്ന ചിത്രത്തിന്റെ മൊത്തത്തിലുള്ള സന്ദേശത്തിനെതിരെ സംവിധായകൻ മോഹൻ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ സിനിമയിലെ ചില രംഗങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ്. ഡ്യൂഡിൽ, 'താലി'യെ മോശമായി ചിത്രീകരിച്ചെന്നാണ് ഭാഗ്യരാജ് പറയുന്നത്.

താലിയെക്കാളും വിവാഹത്തെക്കാളും സ്ത്രീയുടെ വികാരങ്ങൾക്കാണ് പ്രാധാന്യമെന്ന് പ്രദീപ് രംഗനാഥന്‍റെ കഥാപാത്രം പറയുന്ന രംഗമുണ്ട് ചിത്രത്തിൽ. 'പുരുഷന്മാർക്കും സ്ത്രീകൾക്കും അവരുടേതായ ഭൂതകാലങ്ങളും ജീവിത യാത്രകളും ഉണ്ടാകും. എന്നാൽ പ്രതിബദ്ധതയും സൗഹൃദവും അടയാളപ്പെടുത്തുന്ന ഘട്ടമായ വിവാഹത്തിൽ അവർ ഒന്നിക്കുമ്പോൾ, താലി ആചാരത്തിന് ആഴത്തിലുള്ള പ്രാധാന്യമുണ്ട്. അവിടെ രണ്ട് പങ്കാളികളും അവരുടെ ഭൂതകാലങ്ങൾ ഉപേക്ഷിച്ച് പുതിയ അധ്യായത്തിലേക്ക് ചുവടുവെക്കുന്നു. ഡ്യൂഡിലെ സംഭാഷണം ആരാണ് എഴുതിയതെന്ന് എനിക്കറിയില്ല, പക്ഷേ താലിയെ മോശമാക്കി ചിത്രീകരിച്ചതിന് ഞാൻ എതിരാണ്' എന്ന് ഭാഗ്യരാജ് പറഞ്ഞു.

ദീപാവലി റിലീസായി ഒക്ടോബർ 17-ന് തിയറ്ററുകളിലെത്തിയ 'ഡ്യൂഡ്' മമിത ബൈജുവിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രമാണ്. ശരത് കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 14-ന് ചിത്രം ഒന്നിലധികം ഭാഷകളിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.