തിരുവനന്തപുരം: 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിലെ 'കുതന്ത്രം' എന്ന റാപ്പ് ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ റാപ്പർ വേടന് നേരെ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നയാണ് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. വേടൻ്റെ വരികളിൽ കവിതയുണ്ടെന്നും, ഭൂതകാലമോ ജയിൽ വാസമോ പുരസ്‌കാര നിർണയത്തിന് പരിഗണിക്കേണ്ടതില്ലെന്നും കൈതപ്രം വ്യക്തമാക്കി.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം ലഭിച്ചതിനെതിരെ വലിയ വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. വേടൻ പുരസ്‌കാരത്തിന് അർഹതയില്ലാത്തയാളാണെന്നും, ഒരു റാപ്പറിന് മികച്ച ഗാനരചയിതാവാകാൻ സാധിക്കുന്നത് യഥാർത്ഥ കവികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ചിലർ വിമർശനമുന്നയിച്ചു. ഇതിനു പുറമെ, വേടനെതിരെ ലൈംഗിക പീഡനക്കേസ് നിലവിലുള്ള സാഹചര്യത്തിൽ അദ്ദേഹത്തിന് പുരസ്‌കാരം നൽകുന്നത് ശരിയായ നടപടിയല്ലെന്ന വിമർശനവും ശക്തമായിരുന്നു.

ഈ വിഷയത്തിൽ മാതൃഭൂമി ദിനപത്രത്തോടായിരുന്നു കൈതപ്രത്തിന്റെ പ്രതികരണം. 'വേടൻ സാംസ്കാരിക നായകനാണോ അതോ ജയിലിൽ കഴിഞ്ഞയാളാണോ എന്നൊന്നും എനിക്ക് നോക്കേണ്ട കാര്യമില്ല. അവാർഡിന് അർഹതയുള്ള വരികളാണ് അദ്ദേഹത്തിൻ്റേത്. ജയിലിൽ കഴിഞ്ഞ ഒരാൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തടസ്സമില്ലാത്ത നാട്ടിലാണ് വേടന്റെ പുരസ്കാരത്തെക്കുറിച്ച് ചർച്ച നടക്കുന്നത് എന്നത് കൗതുകകരമാണ്,' അദ്ദേഹം പറഞ്ഞു.

സദാചാരപരമായ കാര്യങ്ങളിൽ നീതിന്യായ വ്യവസ്ഥയാണ് മറുപടി പറയേണ്ടതെന്നും, താൻ എഴുത്തിനെയാണ് പരിഗണിക്കുന്നതെന്നും കൈതപ്രം വ്യക്തമാക്കി. 'വിയർപ്പ് തുന്നിയ കുപ്പായം, നിറങ്ങൾ മായില്ല കട്ടായം' എന്ന വരികളെഴുതിയതിലൂടെ അവാർഡ് ലഭിച്ചതിൽ തെറ്റില്ലെന്ന് തനിക്ക് പറയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവാർഡ് കമ്മിറ്റിക്കാർ രാഷ്ട്രീയപരമായ പരാമർശങ്ങൾ നടത്തുന്നത് വിവാദങ്ങൾക്ക് വഴിവെക്കുമെന്നും, സദാചാരവിരുദ്ധരെ കൈകാര്യം ചെയ്യേണ്ടത് പോലീസാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.