കൊച്ചി: നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപങ്ങൾക്ക് പിന്നാലെ, നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി കലാമണ്ഡലം സത്യഭാമ രംഗത്ത്. സത്യഭാമയുടെ മുൻപരാമർശങ്ങളെ സ്നേഹ ശ്രീകുമാർ വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണം, സ്നേഹയുടെ രൂപത്തെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ സത്യഭാമയുടെ ഫെയ്‌സ്‌ബുക്ക് വിഡിയോയിലൂടെയാണ് പുറത്തുവന്നത്.

'പിണ്ഡോദരി മോളെ നിന്നെ ഏതേലും പൊതുവേദിയിൽ വച്ച് ഞാൻ കാണും. അന്നു നീ നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ വിഷമിക്കും. എനിക്കെതിരെ നീ ഇട്ട വിഡിയോ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. തത്ക്കാലം ഇത് ഇരിക്കട്ടെ,' സത്യഭാമ വിഡിയോ പങ്കുവെച്ച് കുറിച്ചു. താൻ ചില വിവാദങ്ങളിൽ പെട്ടതായി സത്യഭാമ സമ്മതിക്കുന്നുണ്ടെങ്കിലും, അവ വിവാദങ്ങളായി തനിക്ക് തോന്നിയിട്ടില്ലെന്ന് അവർ പറയുന്നു. ഈ വിവാദങ്ങളുടെ സത്യാവസ്ഥകൾ ലൈവിൽ വന്ന് വിശദീകരിക്കുമെന്നും സത്യഭാമ അറിയിച്ചു. ഈ സമയത്ത് തന്നെ വേദനിപ്പിച്ച ചിലരുണ്ടെന്നും ബന്ധുക്കൾക്ക് പരസ്യമായി പിന്തുണയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും വിളിച്ച് പിന്തുണ അറിയിച്ചതായും അവർ വ്യക്തമാക്കി.

തന്റെ കരിയർ പോലും നിലച്ചുപോകുന്ന അവസ്ഥയുണ്ടായിരുന്നതായും എന്നാൽ ഈശ്വരാധീനമുള്ള കല ചെയ്യുന്നതിനാൽ ദൈവങ്ങൾ കൂടെ നിന്നെന്നും സത്യഭാമ കൂട്ടിച്ചേർത്തു. തളരാതെ ഒറ്റയ്ക്ക് പോരാടിയെന്നും കലാ ലോകത്ത് തനിക്ക് വേണ്ടപ്പെട്ടവർക്ക് പോലും നേരിട്ട് സഹായിക്കാൻ സാധിച്ചില്ലെന്നും, കല പഠിച്ച ചിലർ തന്നെ ദ്രോഹിച്ചുവെന്നും അവർ വിഡിയോയിൽ പറയുന്നുണ്ട്.

'ഞാൻ തളർന്നില്ല ഒറ്റയ്ക്ക് പോരാടി. കലാലോകത്ത് എനിക്ക് വേണ്ടപ്പെട്ടവർക്ക് പോലും നേരിട്ട് സഹായിക്കാൻ സാധിച്ചില്ല. കല പഠിച്ച ചിലർ എന്നെ ദ്രോഹിക്കുകയും ചെയ്തു. ദേഹോപദ്രവം അല്ല ഞാൻ ഉദേശിച്ചത്, അല്ലാതെ മാധ്യമങ്ങളിലൂടെ ഓരോന്ന് വിളിച്ചു പറഞ്ഞു. ആ സമയത്ത് ഞാൻ മാനസികമായി കുറച്ചു ബുദ്ധിമുട്ടിയിരുന്നു'. സത്യഭാമ പറഞ്ഞു

കലാമണ്ഡലത്തിൽ ഓട്ടം തുള്ളൽ പഠിച്ച ഒരുത്തിയുണ്ട്. ഇവൾ ഓട്ടം തുള്ളലാണോ പഠിച്ചത് എന്നുപോലും എനിക്ക് അറിയില്ല. ഞാൻ പിന്നീടാണ് അത് അറിഞ്ഞത്, ചാനലിൽ വരുന്ന ‘മറിമായം’ എന്നൊരു പരിപാടിയിൽ അഭിനയിക്കുന്ന സ്ത്രീയാണത്. വളരെ നല്ല രീതിയിൽ പോകുന്ന ഒരു പരിപാടിയാണ് അത്. മണികണ്ഠൻ, നിയാസ്, ഉണ്ണി തുടങ്ങിയ അസാധ്യ കലാകാരന്മാർ ഒക്കെ അതിലുണ്ട്. അതിനകത്താണ് ഞാൻ പറയുന്ന ഈ കക്ഷി ഉള്ളത്. അവളെ നിങ്ങൾക്ക് എല്ലാവർക്കും അറിയാം. വീർത്ത കവിളും ആകപ്പാടെ ഉരുണ്ടിരിക്കുന്ന ഒരുത്തി.

ഇവൾ വന്നിട്ട് എന്നെ പറഞ്ഞത് എന്താണെന്ന് അറിയാമോ. ഈ സ്ത്രീ മറ്റേയാളുടെ കൂടെ വന്ന് നൃത്തം കളിക്കാമോ എന്ന്, എന്റെ എതിർ കക്ഷിയായ ആളുടെ കൂടെ, എന്താടി എനിക്ക് കളിക്കാൻ പറ്റാത്തത് ? ഞാൻ സ്ത്രീ അല്ല എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. നിനക്ക് ഡാൻസ് ഇന്റർവ്യൂവിനു ചെന്നിട്ട് കിട്ടാഞ്ഞിട്ടല്ലേ നീ ഓട്ടം തുള്ളൽ എടുത്തത്. നീ എന്നിട്ട് ഇപ്പൊ ഓട്ടം തുള്ളൽ ആണോ തുള്ളുന്നത്, ആദ്യം നീ പഠിച്ച തൊഴിൽ നീ കൈകാര്യം ചെയ്യുന്നുണ്ടോ, അത് ആദ്യം നീ ചെയ്യ്, എന്നിട്ട് നീ എന്റെ അടുത്തേക്ക് വാ. നീ നിന്റെ അമ്മയുടെ വയറ്റിൽ ഉണ്ടാകുന്നതിനു മുൻപ് ഞാൻ മുഖത്ത് ചായം തേച്ച് ഫീൽഡിൽ ഇറങ്ങിയതാണ്.

നീ സ്ത്രീ എന്ന് വിളിക്കാൻ ഞാൻ പുരുഷൻ ആണെന്ന് പറഞ്ഞ് പാന്റും ഷർട്ടും ഇട്ടു നടന്നിട്ടില്ല. നീ പോയി കേസ് കൊടുക്ക് അപ്പോൾ ഞാൻ നിന്റെ പിറകെ വരാം. നീ പഠിച്ചത് നീ ഒന്ന് കളിച്ചേ. എന്റെ ഒരു ഫ്രണ്ട് പറഞ്ഞപ്പോഴാണ് അറിഞ്ഞത് നീ തുള്ളൽ ആണ് പഠിച്ചതെന്ന്. തുള്ളൽ നല്ല ഒരു കലയാണ് അത് സമ്മതിച്ചു. നീ ആദ്യം അത് തുള്ള്. നീ കഞ്ഞികുടിച്ചു ജീവിക്കാൻ അല്ലേ ‘മറിമായ’ത്തിൽ പോയത്. നീ വലിയ ആർട്ടിസ്റ്റ് ആണെന്നാണോ വിചാരം. എന്നോട് നീ പറഞ്ഞില്ലേ കളിക്കാൻ, നിനക്ക് ഇപ്പോൾ എന്റെ കളി കാണണോ. ഞാൻ അന്തസായി എന്റെ തൊഴിൽ ആണ് ചെയ്തു ജീവിക്കുന്നത്.

നീ പറഞ്ഞ ആൾ പഠിച്ചതുപോലെ തന്നെയാണ് ഞാനും പഠിച്ചത്. നിന്റെ നാട്ടിൽ ഒരു പരിപാടിക്ക് എന്നെ വിളിക്ക് ഞാൻ വന്നു കളിക്കാം. നീ എന്നെ പറഞ്ഞതിന്റെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ നിനക്ക് കിട്ടിയോ, നിന്റെ ഭർത്താവ് പീഡന കേസിൽ പ്രതിയായി.അതൊക്കെ നീ മറന്നോ ? ഞങ്ങളൊന്നുമതു മറന്നിട്ടില്ല. അതിനാണ് ദൈവം എന്നൊരു ശക്തി ഉള്ളത്. ഒരാളെ അറിയാതെ ഒന്നും പറയരുത്. ഒരു വ്യക്തിയെക്കുറിച്ച് സത്യമറിയാതെ ഞാൻ ഒന്നും പറയില്ല. നീ എന്റെ കേസിന്റെ സമയത്ത് എനിക്കിട്ടങ്ങു പൂശി. എനിക്കൊരു അവസരം കിട്ടും, ഞാൻ ഫെയ്സ്ബുക്കും യുട്യൂബും ഒക്കെ തുടങ്ങിയത് കാശ് ഉണ്ടാക്കാനല്ല.

അങ്ങനെ കുറേപ്പേരുണ്ട്, ഒരു പണിയും അറിയാത്തവർ. എന്റെ കയ്യിൽ അന്തസായി ഒരു പണി ഉണ്ട്. എനിക്ക് നൃത്തം ചെയ്യാൻ സാധിക്കും എന്നുള്ളതുകൊണ്ടാണ് ഞാൻ ചാനൽ തുടങ്ങിയത്. നീ എന്റെ പേജ് തുറന്നു നോക്ക് ഞാൻ ഡാൻസിനെപ്പറ്റിയും എന്റെ കുട്ടികളുടെ പരിപാടികളെപ്പറ്റിയും അതിനകത്ത് ഇട്ടിട്ടുള്ളത് നോക്ക്. നീ വലിയ ആർടിസ്റ്റ് ആണെന്നാണ് നിന്റെ വിചാരം.മുഖത്ത് ചായം തേച്ചു എന്ന് കരുതി ആർട്ടിസ്റ്റ് ആകില്ല, നിന്റെ ഏറ്റവും വലിയ തൊഴിൽ ‘മറിമായ’ത്തിൽ തുള്ളുന്നതാണ്.'


നിന്നെ എന്താ ആരും ഉർവശി ശാരദ എന്ന് വിളിക്കാത്തത്? നമുക്ക് വലിയ വലിയ നടിമാർ ഒക്കെ ഉണ്ട്. നിന്റെ പേര് എന്താ നിന്റെ പരിപാടിയിൽ. നിന്റെ ഫിഗറിന് പറ്റിയ പേരാണ് നിനക്ക് ഇട്ടിരിക്കുന്നത് . എന്നെ പറഞ്ഞതിന്റെ ആറു മാസം നിന്റെ ഭർത്താവിന് കിട്ടി. ഇപ്പോൾ നിന്റെ ഭർത്താവിനെ അതിൽ കാണാൻ ഇല്ലല്ലോ. അനാവശ്യം പറയുമ്പോൾ ദൈവം എന്നൊരു ശക്തി ഉണ്ടെന്നു ഓർക്കണം. അതിന്റെ അടി ആണ് നിനക്ക് കിട്ടിയത്. ഇതൊന്നു പറയണം എന്ന് വിചാരിച്ചിട്ട് കുറെ ദിവസമായി ഇന്നാണ് അവസരം കിട്ടിയത്. ഇനി നീ എനിക്കെതിരെ വൃത്തിയായി ഫെയ്സ്‌ബുക്കിൽ ഇട്. അപ്പോൾ അതിന്റെ പുറകെ ഞാൻ വരം.' കലാമണ്ഡലം സത്യഭാമ പറഞ്ഞു.