ചെന്നൈ: 'ഇന്ത്യൻ 2'-ന്റെ ബ്രഹ്മാണ്ഡ ഓഡിയോ ലോഞ്ചിൽ മലയാളം നടൻ നെടുമുടി വേണുവിനെ കുറിച്ചു സംസാരിച്ചു കമൽഹാസൻ. സിനിമയെ കുറിച്ചും പഴയ ഇന്ത്യൻ സിനിമയുടെ ഓർമ്മകളെ കുറിച്ചും സംസാരിച്ച നടൻ മലയാളത്തിന്റെ എക്കാലത്തെയും ലെജന്ററി ആക്ടർ നെടുമുടി വേണുവിനെ കുറിച്ചുള്ള ഓർമ്മകളും പങ്കുവെച്ചു.

ഇന്ത്യൻ സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായിരുന്നു കൃഷ്ണസ്വാമിയെ അവതരിപ്പിച്ച നെടുമുടി വേണു. 'ഇന്ത്യൻ 2'-ലും വേഷമിട്ട അദ്ദേഹത്തിന് എന്നാൽ സിനിമ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ചിത്രീകരണത്തിനിടെയാണ് നെടുമുടി വേണു വിടപറഞ്ഞത്. അദ്ദേഹത്തിന്റെ വിയോഗം ഏറെ വേദിനിപ്പിച്ചുവെന്നും സിനിമയുടെ ബാക്കി ഭാഗങ്ങൾ അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ ചിത്രീകരിക്കുന്നതിനിടെ തന്റെ കണ്ണ് നിറഞ്ഞു പോയെന്നും കമൽ ഹാസൻ പറഞ്ഞു.

ആദ്യ ഭാഗത്തിൽ പ്രധാനപ്പെട്ട വേഷം ചെയ്തയാളായിരുന്നു നെടുമുടി വേണു. ഈ സിനിമയിലും അദ്ദേഹത്തിന്റെ കഥാപാത്രമുണ്ടായിരുന്നു. എന്നാൽ ഇതിന്റെ ഷൂട്ടിങ് ഇടക്കാലത്ത് നിന്നു പോയ സമയത്താണ് അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞത്. പിന്നീട് നെടുമുടി വേണുവിനെപ്പോലെയുള്ള മറ്റൊരു ആർട്ടിസ്റ്റിനെ വെച്ച് അദ്ദേഹത്തിന്റെ സീനുകൾ ചെയ്യേണ്ടതായി വന്നു.

നെടുമുടി വേണുവിന്റെ കഥാപാത്രത്തെ കെട്ടിപ്പിടിച്ച് ഒരു ഡയലോഗ് പറയേണ്ട സീൻ സിനിമയിലുണ്ടായിരുന്നു. ആ സമയത്താണ് അദ്ദേഹം നമ്മളെ വിട്ടുപോയത്. പകരം വന്ന ആർട്ടിസ്റ്റിനെ കെട്ടിപ്പിടിച്ച് ഡയലോഗ് പറഞ്ഞപ്പോൾ എന്റ മനസിൽ വേണുവിന്റെ രൂപമാണ് വന്നത്. അദ്ദേഹത്തെ ഞാൻ ആ സമയത്ത് വല്ലാതെ മിസ്സ് ചെയ്തു. നിറകണ്ണുകളോടെയാണ് ഞാൻ ആ സീൻ ചെയ്ത് തീർത്തത്, കമൽ ഹാസൻ പറഞ്ഞു.

ജൂലൈ 12-നാണ് ഇന്ത്യൻ 2 റിലീസ് ചെയ്യുന്നത്. ഇന്ത്യനിൽ എ ആർ റഹ്മാനാണ് സംഗീതം നിർവ്വഹിച്ചത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജയന്റ് മൂവീസും ചേന്നാണ് നിർമ്മാണം.