ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മാമന്നൻ'. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ്, ഉദയനിധി സ്റ്റാലിൻ എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്. നടൻ ഫഹദ് ഫാസിൽ ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടൻ വടിവേലുവും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ അതിഥിയായി കമൽ ഹാസൻ എത്തിയിരുന്നു. ഇപ്പോഴിതാ സമൂഹമാധ്യങ്ങളിൽ ഇടംപിടിക്കുന്നത് ഓഡിയോ ലോഞ്ചിൽ നടൻ വടിവേലുവിന്റെ പാട്ട് കേട്ട് കരയുന്ന കമൽഹാസന്റെ വിഡിയോയാണ്. എ. ആർ റഹ്മാന്റെ ഫാൻസ് ഗ്രൂപ്പുകളിലൂടെയാണ് വിഡിയോ പുറത്തു വന്നത്. രാസാക്കണ്ണ് എന്ന ഗാനമാണ് വടിവേലു ആലപിച്ചത്. നടനോടൊപ്പം സംഗീത സംവിധായകൻ എ ആർ റഹ്മാനുമുണ്ടായിരുന്നു. എന്നാൽ ഈ ഗാനം കേട്ട് വേദിയിൽ ഉണ്ടായിരുന്ന കമൽഹാസൻ വികാരഭരിതനാവുകയായിരുന്നു.

ഓഡിയോ ലോഞ്ചിൽ കമൽ ഹാസൻ ചിത്രത്തെ പ്രശംസിക്കുകയും ചെയ്തു.സംവിധായകൻ മാരി സെൽവരാജിനൊപ്പമാണ് ചിത്രം കണ്ടതെന്നും കോടിക്കണക്കിന് ജനങ്ങളുടെ ശബ്ദം ഈ ചിത്രത്തിലൂടെ പുറം ലോകം അറിയുമെന്നുമായിരുന്നു നടൻ പറഞ്ഞത്.