ചെന്നൈ: ഇന്ത്യൻ സിനിമയ്ക്ക് മുഴുവൻ ഉണർവ്വായി മാറുകയാണ് രജനീകാന്ത് നായകനായ ജയിലർ സിനിമ. റെക്കോർഡ് കളക്ഷനുമായി മുന്നേറുന്ന ചിത്രം ഇതിനോടകം തന്നെ 400 കോടിയിലേറെ നേടിക്കഴിഞ്ഞു. ഇതോടെ നെൽസൺ ദിലീപ് കുമാർ ഹിറ്റ്‌മേക്കറുടെ റോളിലേക്ക് ഉയർന്നു കഴിഞ്ഞു.

ഇപ്പോഴിതാ, റെക്കോഡ് കളക്ഷനുമായി തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ജയിലറിന്റെ വിജയത്തിന് പിന്നാലെ രജനികാന്തിനേയും സംവിധായകൻ നെൽസൺ ദിലീപ് കുമാറിനേയും അഭിനന്ദിച്ചും ആശംസകൾ അറിയിച്ചും ഉലകനായകൻ കമൽഹാസൻ. ഇരുവരേയും നേരിട്ട് വിളിച്ചാണ് കമൽഹാസൻ അഭിനന്ദനമറിയിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നേരത്തെ ദളപതി വിജയ് യും ജയിലറിന് ആശംസകൾ അറിയിച്ചിരുന്നു.

അതേസമയം ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ആയെന്നാണ് സൂചന.സെപ്റ്റംബർ 7ന് ജയിലർ ഒടിടിയിൽ എത്തുമെന്നാണ് വിലയിരുത്തൽ. സൺപിക്‌ച്ചേഴ്‌സുമായി സഹകരിക്കുന്ന നെറ്റ്ഫ്‌ളിക്‌സിലാകും ജയിലറിന്റെ ഒടിടി റിലീസ്. നിലവിൽ തീയേറ്ററിൽ റിലീസ് ചെയ്യുന്ന തമിഴ് ചിത്രങ്ങൾ 28 ദിവസത്തിന് ശേഷമാണ് ഒടിടിയിലെത്തുക. ബ്ലോക്ക്‌ബസ്റ്റർ ഹിറ്റുകളായ തുനിവും വാരിസും അടക്കമുള്ള ചിത്രങ്ങളും 28 ദിവസത്തിന് ശേഷം ഒടിടിയിലെത്തിയിരുന്നു.

2023ലെ ഏറ്റവും വലിയ ഓപ്പണറായി മാറിയ തമിഴ് ചിത്രമായ ജയിലർ ഉടൻ 500 കോടി ക്ലബിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.