- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേ റാമിൽ കാണിച്ചിരിക്കുന്ന ആ മൂന്ന് തലയോട്ടികൾ ഞാൻ ഗുണാ കേവിൽ നിന്നെടുത്തതാണ്
ചെന്നൈ: തമിഴകം കീഴടക്കി മുന്നേറുകയാണ് മലയാളം സിനിമ മഞ്ഞുമ്മൽ ബോയ്‌സ്. തമിഴ് സിനിമാ ലോകത്തെ പല പ്രമുഖരും ചിത്രത്തെ കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഗുണാ കേവിൽ അകപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്ന സുഹൃത്തുക്കളുടെ ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. തമിഴ്‌നാട്ടിൽ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ സിനിമയുടെ താരങ്ങളുമായും അണിയറപ്രവർത്തകരുമായും നടൻ കമൽഹാസൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറങ്ങിയത്. ഡെവിൾസ് കിച്ചൺ എന്നറിയപ്പെട്ടിരുന്ന കൊടൈക്കനാലിലെ ഗുഹ ഗുണ എന്ന കമൽ ഹാസൻ ചിത്രം ഇറങ്ങിയതിനുശേഷമാണ് ഗുണാ കേവ് എന്നറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമായി പ്രശസ്തിയാർജിച്ചത്. ഗുണയുടെ ചിത്രീകരണസമയത്തെ അനുഭവങ്ങൾ മഞ്ഞുമ്മൽ ബോയ്‌സ് ടീമിനോട് കമൽഹാസനും ഗുണയുടെ സംവിധായകൻ സന്താനഭാരതിയും പങ്കുവെച്ചു.
തനിക്ക് മഞ്ഞുമ്മൽ ബോയ്‌സ് ഏറെ ഇഷ്ടമായെന്ന് കമൽ ഹാസൻ പറഞ്ഞു. പ്രേമം അല്ലെങ്കിൽ മൊഹബത്ത് എന്ന വാക്ക് സൗഹൃദത്തിനും ഉപയോഗിക്കാം. ഗുണ കേവിലുള്ള പാറ ഉണ്ടായിട്ട് വളരെ വർഷങ്ങളൊന്നുമായിട്ടില്ല. ഒരു യങ് ഫോർമേഷനാണത്. അതിലൊരു അപകടമുണ്ട്. റോക്ക് ക്ലൈമ്പിങ്ങിന് പറ്റിയതല്ല. കുരങ്ങുകൾ ഇതിനുള്ളിലേക്ക് അപകടം മനസിലാക്കാതെ വീണിട്ട് കയറാൻപറ്റാതെ ചത്തുപോകും. ഹേ റാം എന്ന ചിത്രത്തിൽ ഒരു രംഗത്തിൽ ഉപയോഗിച്ചിരിക്കുന്ന മൂന്ന് കുരങ്ങ് തലയോട്ടികൾ താൻ ഗുണാ കേവിൽ നിന്നെടുത്തതാണെന്നും കമൽ പറഞ്ഞു.
'ഗുണാ കേവ് പോലെ ഒരുപാട് സ്ഥലങ്ങളുണ്ട് തമിഴ്‌നാട്ടിൽ. യഥാർഥത്തിൽ മതികെട്ടാൻ ഷോലൈ എന്നായിരുന്നു ഗുണ സിനിമയ്ക്ക് ആദ്യം നിശ്ചയിച്ചിരുന്ന പേര്. പക്ഷേ യൂണിറ്റിലെ എല്ലാവരും അന്നതിനെ ഒരുപോലെ എതിർത്തു. ഗുണാ കേവിന് ഡെവിൾസ് കിച്ചൺ എന്ന് പേരുവരാൻ കാരണമായ ആ പ്രതിഭാസം ഞങ്ങൾ കണ്ടെങ്കിലും അത് ചിത്രീകരിക്കാനായില്ല. വല്ലപ്പോഴുമേ അത് സംഭവിക്കൂ. ഗുണാ കേവിലേക്ക് പോകാനുള്ള നിശ്ചിത വഴിതന്നെ ഞങ്ങളുണ്ടാക്കിയതാണ്. ഗുണ സിനിമയിൽ കാണിച്ച ചർച്ച് മതികെട്ടാൻ ഷോലൈയിൽ സിനിമയുടെ ഭാഗമായി നിർമ്മിച്ചതായിരുന്നു. കമൽ ഹാസനും ഇളയരാജയും തമ്മിലുള്ള പ്രണയലേഖനമായിരുന്നു കൺമണി അൻപോട് എന്ന ഗാനം.' കമൽഹാസൻ കൂട്ടിച്ചേർത്തു.
കേരളത്തിൽ ലഭിച്ച അഭൂതപൂർവമായ വരവേല്പിനേത്തുടർന്ന് തമിഴ്‌നാട്ടിലും മഞ്ഞുമ്മൽ ബോയ്‌സ് റിലീസിനെത്തി. മൊഴിമാറ്റാതെ സബ്‌ടൈറ്റിലുകളോടെ പ്രദർശനത്തിനെത്തിയ ചിത്രം ഇരുകയ്യുംനീട്ടിയാണ് തമിഴ് പ്രേക്ഷകരും സ്വീകരിച്ചത്. ഗുണയിലെ കൺമണി അൻപോട് എന്ന ഗാനം ഉൾപ്പെടുത്തിയതും ചിത്രത്തിന് തമിഴ് ആസ്വാദകർക്കിടയിൽ ചിത്രത്തിന് ശ്രദ്ധനൽകി. ചിത്രംകണ്ട ഉദയനിധി സ്റ്റാലിനും മഞ്ഞുമ്മൽ ബോയ്‌സ് ടീമിനെ നേരിട്ട് അഭിനന്ദിച്ചിരുന്നു. നടന്മാരായ വിക്രം, ധനുഷ്, സിദ്ധാർത്ഥ്, സംവിധായകൻ കാർത്തിക് സുബ്ബരാജ് എന്നിവരും ചിത്രത്തിന് അഭിനന്ദനവുമായെത്തിയിരുന്നു. ചിദംബരംതന്നെയാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.