മുംബൈ: റോഡിൽ മർദ്ദനമേൽക്കേണ്ടി വന്ന ബോളിവുഡ് താരം രവീണ ടണ്ഠന് പിന്തുണയുമായി നടി കങ്കണ റണൗട്ട്. രവീണയ്ക്ക് സംഭവിച്ചത് ആശങ്കയുളവാക്കുന്നതാണെന്നും പ്രശ്‌നക്കാർക്കെതിരെ നടപടി വേണമെന്നും സോഷ്യൽ മീഡിയയിലൂടെ കങ്കണ ആവശ്യപ്പെട്ടു. രവീണയുടെ കാർ ഇടിച്ചുവെന്നാരോപിച്ച് നടന്ന വാക്കുതർക്കത്തിൽ കഴിഞ്ഞ ദിവസം നടിക്കെതിരെ കയ്യേറ്റ ശ്രമം നടന്ന സംഭവത്തിലാണ് കങ്കണയുടെ പ്രതികരണം.

'രവീണ ടണ്ഠന് സംഭവിച്ചത് തികച്ചും ആശങ്കാജനകമാണ്. റോഡിൽവെച്ച് നടക്കുന്ന ഇത്തരം രോഷപ്രകടനങ്ങളെ ഞാൻ അപലപിക്കുന്നു. ഇത്തരക്കാരെ ശിക്ഷിക്കണം. അക്രമാസക്തവും വിഷലിപ്തവുമായ ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ രക്ഷപ്പെടരുത്', കങ്കണ കുറിച്ചു. ബാന്ദ്ര റിസ്വി കോളേജിന് സമീപത്തുള്ള കാർട്ടർ റോഡിലാണ് സംഭവം നടന്നത്. ഡ്രൈവറാണ് നടി സഞ്ചരിച്ച കാറോടിച്ചിരുന്നത്. അമിതവേഗതയിൽ മദ്യപിച്ച് വാഹനമോടിച്ചെന്നും നാട്ടുകാരെ അപമാനിച്ചെന്നും കാണിച്ച് നടിക്കെതിരെ ഇവർ പരാതി നൽകിയെങ്കിലും ഇത് വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കി.

സിസിടിവി ഉൾപ്പടെ പരിശോധിച്ചതിന് ശേഷമാണ് പരാതി വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കിയത്. നേരത്തെ തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് സോഷ്യൽ മീഡിയയിലൂടെ രവീണയും പ്രതികരിച്ചിരുന്നു. പരാതിക്കാരൻ വ്യാജ പരാതിയാണ് നൽകിയതെന്നും പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവെന്നും പൊലീസ് അറിയിച്ചു. നടിയുടെ വാഹനം ആരെയും ഇടിച്ചിട്ടില്ല. നടിയുടെ ഡ്രൈവർ വാഹനം റിവേർസ് എടുമ്പോൾ പരാതിക്കാരുടെ കുടുംബം അത് വഴി പോകുകയായിരുന്നു. ഇവർ കാർ നിർത്തിച്ചു ആളുവരുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് സ്ഥലത്ത് തർക്കം ഉടലെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തർക്കം രൂക്ഷമായതോടയാണ് ഡ്രൈവറെ സംരക്ഷിക്കാനായാണ് രവീണ ടണ്ഠൻ ആൾക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിയത്. കൂടിനിന്ന ആളുകൾ നടിയെ അധിക്ഷേപിച്ചുവെന്നും കൈയേറ്റം നടത്താൻ ശ്രമിച്ചുവെന്നും വിവരങ്ങളുണ്ടായിരുന്നു. സംഭവസ്ഥലത്തുനിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.