മുംബൈ: ഷാരൂഖ് ചിത്രം ജവാൻ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ബോളിവുഡ് ഇതുവരെ കാണാത്ത ഷാറൂഖ് ഖാന്റെ മാസ് മസാല ചിത്രമെന്നാണ് ജവാനെ കുറിച്ച് ആരാധകർ പറയുന്നത്. ചിത്രം വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ഷാരൂഖ് ഖാനേയും ജവാൻ ടീമിനേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടായിരുന്നു തന്റെ അഭിപ്രായം പങ്കുവെച്ചത്. ഷാരൂഖ് ഖാനെ ഇന്ത്യൻ സിനിമയുടെ ദൈവമെന്നാണ് കങ്കണ വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ നടനെ പരിഹസിച്ചവരേയും വിമർശിച്ചവരേയും കങ്കണ ഓർക്കുന്നു.

'തൊണ്ണൂറുകളിൽ കാമുകനായി എത്തി, ആരാധകരുമായി ബന്ധം നിലനിർത്തികൊണ്ട് നീണ്ട പോരാട്ടത്തിലൂടെ ഇന്ത്യയുടെ മാസ് ഹീറോയായി ഉയർന്നു. ഇതൊരു ചെറിയ കാര്യമല്ല. യഥാർഥ ജീവിതത്തിലും അദ്ദേഹം സൂപ്പർ ഹീറോയാണ്. ഒരു സമയത്ത് ആളുകൾ അദ്ദേഹത്തെ എഴുതിത്ത്തള്ളുകയും സിനിമ തെരഞ്ഞെടുപ്പിനെ പരിഹസിക്കുകയും ചെയ്തു. ഇന്ന് ഞാനത് ഓർക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ പോരാട്ടവും പരിശ്രമവും കലാകാരന്മാർക്കും കലയെ ആസ്വദിക്കുന്നവർക്കും മാസ്റ്റർ ക്ലാസാണ്. ഷാരൂഖ് സിനിമ ദൈവമാണ്. നിങ്ങളുടെ സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും വിനയത്തിനു മുന്നിൽ വണങ്ങുന്നു. ജവാന്റെ മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനം- കങ്കണ കുറിച്ചു.

നയൻതാരയാണ് ജവാനിൽ ഷാരൂഖിന്റെ നായികയായി എത്തുന്നത്. ആറ്റ്‌ലിയുടെയും നയൻതാരയുടെയും ആദ്യ ബോളിവുഡ് ചിത്രമാണിത്. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. ചിത്രത്തിൽ ദീപിക പദുകോണും കാമിയോ റോളിൽ എത്തുന്നുണ്ട്. സഞ്ജയ് ദത്തും ചിത്രത്തിൽ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.