സംഗീത സംവിധായകൻ എ.ആർ. റഹ്മാനെതിരെ രൂക്ഷ വിമർശനവുമായി നടി കങ്കണ റണൗട്ട് രംഗത്ത്. താൻ സംവിധാനം ചെയ്ത 'എമർജൻസി' എന്ന സിനിമയെ 'പ്രൊപ്പഗണ്ട' എന്ന് വിശേഷിപ്പിച്ച് റഹ്മാൻ ചിത്രവുമായി സഹകരിക്കാൻ വിസമ്മതിച്ചുവെന്നും, അദ്ദേഹത്തെപ്പോലെ മുൻവിധിയും വെറുപ്പുമുള്ള മറ്റൊരാളെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും കങ്കണ ആരോപിച്ചു.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. 'എമർജൻസി'യെക്കുറിച്ച് റഹ്മാനുമായി ചർച്ച ചെയ്യാൻ താൻ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും, എന്നാൽ ഒരു പ്രൊപ്പഗണ്ട സിനിമയുടെ ഭാഗമാവാൻ താൽപര്യമില്ലെന്ന് റഹ്മാൻ അറിയിച്ചുവെന്നുമാണ് കങ്കണയുടെ വാദം. എന്നാൽ, 'എമർജൻസി'യെ വിമർശകർ പോലും ഒരു മാസ്റ്റർപീസ് എന്നാണ് വിശേഷിപ്പിച്ചതെന്നും, പ്രതിപക്ഷ നേതാക്കൾ പോലും തന്നെ അഭിനന്ദിച്ച് സന്ദേശങ്ങളയച്ചുവെന്നും കങ്കണ കൂട്ടിച്ചേർത്തു. റഹ്മാന്റെ വെറുപ്പ് അദ്ദേഹത്തെ അന്ധനാക്കിയിരിക്കുകയാണെന്നും തനിക്ക് അദ്ദേഹത്തോട് സഹതാപം തോന്നുന്നുവെന്നും അവർ കുറിച്ചു.

വിക്കി കൗശൽ നായകനായ 'ഛാവ' എന്ന ചിത്രത്തെക്കുറിച്ച് റഹ്മാൻ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് കങ്കണയുടെ ഈ പ്രതികരണം. 'ഛാവ' വിഭജനമുണ്ടാക്കുന്ന ഒന്നാണെന്നും അത്തരം വിഭജനങ്ങളെ സിനിമ മുതലെടുക്കുകയാണെന്നുമായിരുന്നു റഹ്മാന്റെ വിമർശനം. ഒരു കാവി പാർട്ടിയെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ സിനിമാ മേഖലയിൽ തനിക്ക് വളരെയധികം മുൻവിധിയും പക്ഷപാതവും നേരിടേണ്ടി വരുന്നുണ്ടെന്നും കങ്കണ ആരോപിച്ചു.

അതേസമയം, കഴിഞ്ഞ എട്ട് വർഷമായി ബോളിവുഡിൽ അവസരങ്ങൾ കുറയുന്നുവെന്ന റഹ്മാന്റെ മുൻ നിലപാടും വലിയ ചർച്ചയായിരുന്നു. ബോളിവുഡിൽ വീണ്ടും അവസരങ്ങൾ ലഭിക്കണമെങ്കിൽ 'ഘർവാപസി' (ഹിന്ദുമതത്തിലേക്ക് തിരിച്ചുവരവ്) ചെയ്യണമെന്ന് വി.എച്ച്.പി. ദേശീയ വക്താവ് വിനോദ് ബൻസാൽ അന്ന് പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു.

ഈ വിവാദങ്ങൾക്കിടയിലും, നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'യിൽ ഹാൻസ് സിമ്മറോടൊപ്പം സംഗീത സംവിധാനം നിർവഹിക്കുന്നത് എ.ആർ. റഹ്മാനാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന 'രാമായണ'യുടെ ഭാഗമാണ് റഹ്മാൻ. കങ്കണയുടെ ഈ കടുത്ത വിമർശനം ബോളിവുഡിലെ നിലവിലുള്ള ഭിന്നതകളെയും രാഷ്ട്രീയ ചായ്‌വുകളുടെ പേരിലുള്ള അഭിപ്രായ വ്യത്യാസങ്ങളെയും വീണ്ടും സജീവ ചർച്ചയാക്കിയിരിക്കുകയാണ്.