മുംബൈ: നവാസുദ്ദീൻ സിദ്ദിഖിയും അവ്‌നീത് കൗറും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ടിക്കു വെഡ്സ് ഷേരു. നടി കങ്കണ നിർമ്മിക്കുന്ന ചിത്രം ജൂൺ 23 ന് ആമസോൺ പ്രൈമിലൂടെയാണ് പ്രദർശനത്തിനെത്തുന്നത്. ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. ട്രെയിലറിലെ നവാസുദ്ദീൻ സിദ്ദിഖിയും അവ്‌നീത് കൗറും തമ്മിലുള്ള ചുംബനരംഗം വലിയ വിമർശനം സൃഷ്ടിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

റെഡ്ഡിറ്റിൽ താരങ്ങളുടെ പ്രായവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ് . സിദ്ദിഖിയും നായിക അവ്‌നീത് കൗറും തമ്മിലുള്ള ചുംബനരംഗത്തിൽ ആരാധകർ സന്തുഷ്ടരല്ല.'49 വയസുള്ള നവാസുദ്ദീൻ സിദ്ദിഖിക്ക് 21കാരിയായ നായിക ഇത് നിരാശാജനകമാണെന്ന്' ഒരു റെഡ്ഡിറ്റ് ഉപഭോക്താവ് പറയുന്നു. വളരെ മോശമാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. നടനെതിരേയും വിമർശനം ഉയരുന്നുണ്ട്. 'നവാസുദ്ദീന്റെ സിനിമ തിരഞ്ഞെടുപ്പുകളിൽ എന്താണ് സംഭവിക്കുന്നത്? ഈ രംഗത്തെ ഒരിക്കലും ന്യായികരിക്കാൻ കഴിയില്ലെന്നും' ആരാധകർ കുറിച്ചു.

അവ്‌നീത് കൗറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് ടിക്കു വെഡ്‌സ് ഷോരു. കരിയറിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്ന മുംബൈയിലെ ജൂനിയർ നടൻ ഷേരുവായിട്ടാണ് ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖി എത്തുന്നത്. നടിയാകാൻ കൊതിക്കുന്ന ടിക്കു എന്ന കഥാപാത്രത്തെയാണ് അവ്നീത് കൗർ അവതരിപ്പിക്കുന്നത്. തന്റെ ബോളിവുഡ് മോഹം സഫലീകരിക്കാൻ വേണ്ടി ടിക്കു തന്നേക്കാളും ഏറെ പ്രായം കൂടിയ ഷേരുവിനെ വിവാഹം കഴിക്കുന്നതും തുടർന്ന് ഉണ്ടാകുന്ന രസകരമായ സന്ദർഭങ്ങളാണ് ചിത്രം പറയുന്നത്.