കൊച്ചി: കാൻ ഫെസ്റ്റിവെൽ വേദിയിൽ ഫലസ്തീന് പിന്തുണ നൽകണമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നതായി നടി കനി കുസൃതി. ഫലസ്തീന്റെ മാപ്പ് വേണോ എന്നായിരുന്നു ആദ്യത്തെ ചിന്ത. പിന്നീട് വസ്ത്രത്തിലെ ഡിസൈനിൽ ഉൾപ്പെടുത്താമെന്ന് കരുതി. കൂടുതൽ കാവ്യാത്മകമായതുകൊണ്ടാണ് തണ്ണീർമത്തന്റെ രൂപം അവസാനം തീരുമാനിച്ചതെന്നും കനി കുസൃതി വ്യക്തമാക്കി.

പ്രാദേശിക കഥകൾ രാജ്യാന്തര നിലവാരം ഉള്ളതാണ്. നമ്മുടെ നാട്ടിലെ പോരാട്ടവും അതിജീവനവും ലോകം കണ്ടപ്പോൾ സന്തോഷം തോന്നി. ചുറ്റിലുമുള്ളത് എല്ലാം ഓർത്ത് ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കനി പറഞ്ഞു. ഹിന്ദി സിനിമയിൽ നിന്നാണ് തനിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്. കഴിഞ്ഞ നാലു വർഷമായി ഹിന്ദിയിൽ നിന്നുള്ള വരുമാനമാണുള്ളത്. മലയാള സിനിമ എന്റടുത്തേക്ക് വരുന്നില്ലെന്നും ചാനൽ അഭിമുഖത്തിൽ കനി കുസൃതി വ്യക്തമാക്കി.

ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച മലയാള നടി കനി കുസൃതി കാൻ ചലച്ചിത്ര വേദിയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ ആഗോള അടയാളമായ തണ്ണിമത്തൻ രൂപത്തിലുള്ള വാനിറ്റി ബാഗ് കയ്യിലെടുത്താണ് കനി കുസൃതി കാനിലെ റെഡ് കാർപ്പറ്റിൽ എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നടിയുടെ നിലപാട് ഏറെ പ്രശംസിക്കപ്പെട്ടു.

പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദർശനത്തോട് അനുബന്ധിച്ചാണ് കനി കുസൃതിയും മറ്റൊരു മലയാളി നടിയായ ദിവ്യ പ്രഭയും കാൻ വേദിയിലെത്തിയത്. സിനിമയുടെ പ്രദർശനത്തിന് ശേഷം ചിത്രത്തിലെ താരങ്ങൾ റെഡ് കാർപറ്റിൽ അണിനിരന്നു. വെള്ള നിറത്തിലുള്ള ഗൗൺ ധരിച്ചെത്തിയ കനി കുസൃതിയുടെ കയ്യിൽ തണ്ണീർമത്തൻ രൂപത്തിലുള്ള ബാഗുമുണ്ടായിരുന്നു.