കൊച്ചി: കണ്ണൂർ സ്‌ക്വാഡിന്റെ വിജയം സഹപ്രവർത്തകർക്കൊപ്പം വീട്ടിൽ ആഘോഷിച്ച് മമ്മൂട്ടി. സിനിമ വിജയകരമായി പ്രദർശനം തുടരുമ്പോൾ സംവിധായകനും സഹതാരങ്ങൾക്കുമൊപ്പം കേക്ക് മുറിച്ചായിരുന്നു ആഘോഷം. കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സംവിധായകൻ റോബി വർഗീസ് രാജ്, റോണി ഡേവിഡ്, സുഷിൻ ശ്യാം, ശബരീഷ് തുടങ്ങിയ താരങ്ങൾക്കൊപ്പം കുഞ്ചക്കോ ബോബനു ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

ഗ്രേറ്റ്ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'കണ്ണൂർ സ്‌ക്വാഡ്'. റോബി വർഗീസ് രാജിന്റെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ റോണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

നാല് പൊലീസുകാരെ മാത്രം കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ടു പോകുന്നത്. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ. കണ്ണൂർ സ്‌ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും ചിത്രത്തിൽ പറയുന്ന സംഘം അന്വേഷിക്കുന്ന കേസുകൾ സാങ്കൽപികമാണ്.