ബെംഗളൂരു: പൊതുപരിപാടികളിൽ നടിമാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി അനുചിതമായ ചിത്രങ്ങളും വീഡിയോകളും പകർത്തുന്ന പാപ്പരാസികൾക്കും വീഡിയോഗ്രാഫർമാർക്കുമെതിരെ വിമർശനവുമായി 'കാന്താര' സിനിമയിലൂടെ ശ്രദ്ധേയയായ നടി സപ്തമി ഗൗഡ. ജോലിയേക്കാളുപരി ശരീരഭാഗങ്ങളിലേക്ക് അനാവശ്യമായി സൂം ഇൻ ചെയ്യുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് സപ്തമി വ്യക്തമാക്കി. സിനിമ വ്യവസായത്തിലെ സ്ത്രീകൾ തുടർച്ചയായി നേരിടുന്ന ഒരു പ്രശ്നമാണിതെന്നും സപ്തമി ചൂണ്ടിക്കാട്ടി.

"പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തുന്ന നടിമാരെ അനുചിതമായ ആംഗിളുകളിൽ ചിത്രീകരിക്കുന്ന ഫോട്ടോകളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഞങ്ങളുടെ ജോലിയേക്കാൾ ഞങ്ങളുടെ ശരീരഭാഗങ്ങളിലേക്ക് അനാവശ്യമായി സൂം ഇൻ ചെയ്യുന്നവയാണവ. ചില വ്യക്തികളിൽ നിന്നുള്ള ഈ പെരുമാറ്റം ബഹുമാനമില്ലായ്മയും അംഗീകരിക്കാൻ സാധിക്കാത്തതുമാണ്," സപ്തമി തൻ്റെ കുറിപ്പിൽ പറയുന്നു.

തങ്ങൾ ഇവിടെ നിൽക്കുന്നത് തൊഴിലിനും സിനിമയ്ക്കും വേണ്ടിയാണെന്ന് താരം ഓർമ്മിപ്പിച്ചു. ബോധപൂർവമുള്ള സൂം ഇന്നുകളെയും അനാവശ്യ ആംഗിളുകളെയും ശക്തമായി അപലപിക്കുന്നു. അഭിമാനത്തിന് മേലുള്ള ഈ കടന്നുകയറ്റം അംഗീകരിക്കുകയോ സഹിക്കുകയോ ചെയ്യില്ലെന്നും അവർ വ്യക്തമാക്കി. പരിപാടികൾ കവർ ചെയ്യുന്നവർ പ്രൊഫഷണലിസവും മാന്യതയും കാത്തുസൂക്ഷിക്കണമെന്നും സപ്തമി ആവശ്യപ്പെട്ടു.

ഈ അതിരുകൾ നിശ്ചയിക്കുന്നതിൽ തങ്ങൾ ഒരുമിച്ച് നിൽക്കുകയാണെന്നും സപ്തമി പറഞ്ഞു. സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയ എല്ലാ സ്ത്രീകൾക്കും തങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അർഹമായ ബഹുമാനം നേടിയെടുക്കുന്നതിൽ പരസ്പരം പിന്തുണ നൽകുന്നത് തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. 'അഭിനേതാക്കൾ വസ്തുക്കളല്ല' (#ActorsAreNotObjects) എന്ന ഹാഷ്ടാഗോടുകൂടിയാണ് സപ്തമി തൻ്റെ പ്രതികരണം പങ്കുവെച്ചത്.