മുംബൈ: ബോളിവുഡിലെ സൂപ്പർഹിറ്റ് സംവിധായകനും നിർമ്മാതാവുമാണ് കരൺ ജോഹർ. തന്റെ ലൈംഗിക അഭിരുചിയെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഇപ്പോൾ തന്റെ ജീവിതകഥയായ ആൻ അൺസ്യൂട്ടബിൾ ബോയ് എന്ന പുസ്തകത്തിലൂടെയാണ് അദ്ദേഹം താൻ ചെറുപ്പം മുതൽ അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു പെൺകുട്ടിയെ ഇഷ്ടമുള്ളതായി അഭിനയിച്ചിട്ടുണ്ട് എന്നാണ് ഒരു അഭിമുഖത്തില കരൺ പറഞ്ഞത്. ഗേ എന്നും ഹോമോ എന്നുമുള്ള വാക്കുകൾ മോശം രീതിയിലാണ് അക്കാലത്ത് ഉപയോഗിച്ചിരുന്നത്. പെണ്ണിനെപ്പോലെയെന്ന് പറഞ്ഞ് അധിക്ഷേപിക്കുമായിരുന്നു. ചെറുപ്പകാലത്തെ മോശം അനുഭവങ്ങൾ തന്നെ കൂട്ടിലകപ്പെട്ട അവസ്ഥയിലാക്കി എന്നാണ് കരൺ ജോഹർ പറഞ്ഞത്. തനിക്ക് കുറവുകളുള്ള ആളല്ല എന്ന പറഞ്ഞ ആദ്യത്തെ പുരുഷൻ ഷാരുഖ് ഖാനാണെന്നും കരൺ ജോഹർ പറയുന്നുമുണ്ട്.

അടുത്തിടെ തന്നെ അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റിന് കരൺ നൽകിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിങ്ങൾ ഗേ അല്ലേ എന്നായിരുന്നു ഒരാളുടെ ചോദ്യം, നിങ്ങൾക്ക് താൽപര്യമുണ്ടോ എന്നാണ് മറുപടിയായി കരൺ കുറിച്ചത്. ആലിയ ഭട്ടിനെയും രൺവീർ സിങ്ങിനെയും പ്രണയജോഡികളാക്കി ഒരുക്കിയ റോക്കി ഓർ റാണി കി പ്രേം കഹാനിയാണ് കരണിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.