കൊച്ചി/തിരുവനന്തപുരം: റിലീസ് കഴിഞ്ഞ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ ജനപ്രീതി നേടിയ ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം ''കര്‍ണിക''യ്ക്ക് ഇപ്പോള്‍ അവാര്‍ഡുകളുടെ തിളക്കം. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ നിര്‍മിച്ച് അരുണ്‍ വെണ്‍പാല കഥയും, സംവിധാനവും, സംഗീത സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തിന് ഇപ്പോള്‍ രണ്ട് മുഖ്യധാരാ പുരസ്‌കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

പ്രശസ്തമായ മുംബൈ എന്റര്‍ടൈന്‍മെന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍, ഫിച്ചര്‍ ഫിലിം വിഭാഗത്തിലെ മികച്ച സംവിധായകനായി അരുണ്‍ വെണ്‍പാലെ തെരഞ്ഞെടുക്കപ്പെട്ടു. ഇതിനുപുറമേ ത്രിലോക ഇന്റര്‍നാഷണല്‍ ഫിലിം ഫെയര്‍ അവാര്‍ഡ്‌സിലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും അരുണിന് സ്വന്തമായി. കവിത, സംവിധാനം, ചലച്ചിത്ര നിര്‍മ്മാണം, തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സര്‍ സോഹന്‍ റോയ് ആണ് ഈ ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍. ഈ ചിത്രത്തിലെ ഒരു പാട്ടിന്റെ രചനയും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.

ചിത്രം റിലീസ് ആയ സമയത്ത് കേരളത്തിലും വിദേശത്തും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്നും റിലീസ് ആയി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത്തരത്തിലുള്ള പ്രശസ്തമായ അംഗീകാരങ്ങള്‍ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും നവാഗത സംവിധായകനിലേക്ക് അവാര്‍ഡ് എത്തിയത് സിനിമ മേഖലയില്‍ ബന്ധപ്പെട്ട നില്‍ക്കുന്ന പുതുതലമുറയിലെ ആളുകള്‍ക്ക് പ്രചോദനമാണെന്നും സര്‍. സോഹന്‍ റോയ് പറഞ്ഞു .

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടി പ്രിയങ്ക നായരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കൂടാതെ പതിറ്റാണ്ടുകളായി മലയാള സിനിമാ ലോകത്തെ നിറ സാന്നിധ്യമായ ടി ജി രവിയും ഇതില്‍ ഒരു പ്രധാന കഥാപാത്രമായിരുന്നു. മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിയാന്‍ മംഗലശ്ശേരിയാണ് മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയിലൂടെ ആധവ് റാം എന്ന പുതുമുഖ നായകനേയും ഏരീസ് ഗ്രൂപ് മലയാളികള്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രെദ്ധേയരായ ഒരു പിടി നവാഗതരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

സ്‌കൂളുകളിലും കോളേജുകളിലും സിനിമയോട് അഭിരുചിയുള്ള വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച ടാലെന്റ് ക്ലബുകളിലെ അംഗങ്ങള്‍ക്കും സിനിമാരംഗത്ത് അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഈ ചിത്രത്തിലെ പാട്ട്, ഡാന്‍സ്, പോസ്റ്റര്‍ ഡിസൈനിംഗ്, എന്നിങ്ങനെ വിവിധ മത്സരങ്ങളും കേരളമൊട്ടാകെ നടത്തുകയും ചെയ്തിരുന്നു. വിജയികള്‍ക്ക് കേവലം സമ്മാനങ്ങള്‍ നല്‍കുക എന്നതിലുപരി അടുത്ത ഏരീസ് ഗ്രൂപ്പിന്റെ ചിത്രത്തില്‍ അവര്‍ക്ക് അവസരവും ലഭ്യമാക്കും. മോഹന്‍ലാലിന്റെ ഉടമസ്ഥതയിലായിരുന്ന അത്യാധുനിക ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സ്റ്റുഡിയോയായ വിസ്മയാസ് മാക്‌സ്, സൗത്ത് ഇന്ത്യയിലെ അത്യാധുനിക സാങ്കേതിക വിദ്യയോട് കൂടിയ തിരുവനന്തപുരത്തെ എസ്എല്‍ തിയറ്റര്‍ എന്നിവയൊക്കെ ഇപ്പോള്‍ ഏരീസ് ഗ്രൂപ്പിന്റെ ഭാഗമാണ്.