'ടോക്സിക്' സിനിമയുടെ ഗ്ലിംപ്സ് എത്തിയതിന് പിന്നാലെ ഗീതു മോഹന്‍ദാസിനെ വിമര്‍ശിച്ച് സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍. താന്‍ ഒരുക്കിയ 'കസബ' എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ച അതേ വ്യക്തി മറ്റൊരു ഭാഷയില്‍ പടം എടുത്തപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി എന്നാണ് നിതിന്‍ പറയുന്നത്.

ഇന്ന് പുറത്തിറങ്ങിയ ടോക്സിക് സിനിമയുടെ ടീസറില്‍ നായകന്‍ യാഷ് സ്ത്രീകളെ എടുത്ത് ഉയര്‍ത്തുന്നതും, അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളുമുണ്ട്. ഇതിനെതിരെയാണ് നിതിന്‍ രഞ്ജി പണിക്കര്‍ പ്രതികരിച്ചിരിക്കുന്നത്.

''സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന 'ആണ്‍നോട്ട'ങ്ങളിലാത്ത, 'കസബ'യിലെ 'ആണ്‍മുഷ്‌ക്ക്' മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം... 'SAY IT SAY IT' എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോള്‍ 'അവരുടെ' സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി..'' എന്നാണ് നിതിന്‍ രഞ്ജി പണിക്കര്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, പാരായിസ്സോ എന്ന ഒരു ക്ലബിന് മുന്നില്‍ ഒരു ഗാങ്സ്റ്റര്‍ വൈബില്‍ വിന്റേജ് കാറില്‍ വന്നിറങ്ങുന്ന യാഷിന്റെ എന്‍ട്രിയായിരുന്നു ഈ വീഡിയോയിലുള്ളത്. യാഷിന്റെ പത്തൊന്‍പതാം സിനിമയാണിത്. എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ് എന്നാണ് ടാഗ് ലൈന്‍.