മുംബൈ: ബോളിവുഡ് താരസുന്ദരി കത്രീന കൈഫിന് 40ാം പിറന്നാലാണ് ഇന്ന്. ഭർത്താവും നടനുമായ വിക്കി കൗശൽ ഉൾപ്പടെ നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചത്. വെക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമായിരുന്നു വിക്കിയുടെ പിറന്നാൾ ആശംസ.

നിന്റെ മാന്ത്രികത എന്നെ എല്ലാദിവസവും വിസ്മയിപ്പിക്കുകയാണ്. ഹാപ്പി ബർത്ത്‌ഡേ മൈ ലവ്- എന്ന അടിക്കുറിപ്പിലാണ് വിക്കി ചിത്രങ്ങൾ പങ്കുവച്ചത്. കടൽക്കരയിൽ നിൽക്കുന്ന താരദമ്പതികളെയാണ് ചിത്രത്തിൽ കാണുന്നത്. കത്രീനയുടെ പിറന്നാൾ ആഘോഷമാക്കാൻ കഴിഞ്ഞ ദിവസം താരദമ്പതികൾ വിദേശത്തേക്ക് പുറപ്പെട്ടിരുന്നു. കത്രീനയുടെ സഹോദരൻ സെബാസ്റ്റ്യൻ ലോറെന്റ് മിഷേലും സഹോദരി ഇസെബെല്ലെ കെയ്ഫും ഇവർക്കൊപ്പം പിറന്നാൾ ആഘോഷമാക്കാൻ കൂടെയുണ്ട്.

1983 ജൂലൈ 16ന് ഹോങ്കോങ്ങിലായിരുന്നു കത്രീന കൈഫിന്റെ ജനനം. ചെറുപ്പത്തിൽ തന്നെ മോഡലിങ്ങിലെത്തിയ കത്രീന കൈഫ് 2003 ൽ 'ബൂം' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. സൽമാൻ ഖാനൊപ്പമുള്ള മെനെ പ്യാർ ക്യൂം കിയ' എന്ന ചിത്രം ശ്രദ്ധ നേടിയതോടെയാണ് സിനിമയിൽ സജീവമാകുന്നത്.

'ബൽറാം വേഴ്സസ് താരാദാസ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. 2021ലാണ് വിക്കി കൗശാലുമായി കത്രീന വിവാഹിതയാവുന്നത്. സൽമാൻ ഖാനൊപ്പമുള്ള 'ടൈഗർ 3'യാണ് റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.