ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലോക്ബസ്റ്റര്‍ ആണ്. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി ഈ ചിത്രം മാറുമെന്ന് ഉറപ്പാണ്. രേഖാചിത്രം ഇതിനോടകം 40 കോടിയിലധികം നേടി കഴിഞ്ഞു. ഇപ്പോഴിതാ, രേഖാചിത്രത്തെ പ്രശംസിച്ച് നടി കീര്‍ത്തി സുരേഷ്. ഇന്‍സ്റ്റാഗ്രാം സ്റ്റോറില്‍ പങ്കുവച്ച കുറിപ്പിലാണ് സിനിമയെ കീത്തി പ്രശംസിച്ചത്.

താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച തിരക്കഥയാണെന്നും ഓരോ വിശദാംശങ്ങളും അത്ഭുതപ്പെടുത്തിയെന്നും നടി കുറിച്ചു. ആസിഫ് അലി, അനശ്വര രാജന്‍, ജോഫിന്‍ ടി ചാക്കോ, വേണു കുന്നപ്പള്ളി, ജോണ്‍ മന്ത്രിക്കല്‍, രാമു സുനില്‍, അപ്പു പ്രഭാകര്‍, ഷമീര്‍ മുഹമ്മദ് തുടങ്ങിയവരെയും കീര്‍ത്തി പ്രശംസിച്ചു.

'രേഖാചിത്രം കണ്ടു, ഇത് എഴുതാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഈ സിനിമ കണ്ട ഹാങ്ങ് ഓവറിലാണ് ഞാന്‍. ഒന്നും എഴുതാന്‍ പോലും കഴിയുന്നില്ല. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച തിരക്കഥ. ഓരോ ഡീറ്റെയിലിങ്ങും എന്നെ ഞെട്ടിച്ചു. പ്രിയപ്പെട്ട അനശ്വര നിന്റെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. നിന്റെ അഭിനയം എനിക്ക് ഏറെ ഇഷ്ടമാണ്. ഈ സിനിമയിലും നീ ഏറെ മികച്ചതായിരുന്നു,'

'ആസിഫ് നിങ്ങള്‍ എന്നെ ഞെട്ടിക്കുന്നു. സൂക്ഷ്മമായ പ്രകടനത്തിലൂടെ ചെയ്യുന്ന ഓരോ കഥാപാത്രത്തെയും നിങ്ങള്‍ ഏറെ മികവുറ്റതാക്കുന്നു. നിങ്ങളുടെ തിരക്കഥയുടെ തിരഞ്ഞെടുപ്പ് മികച്ചതാണ്. അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു. രേഖാചിത്രത്തിന്റെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. ഈ ചിത്രത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കാന്‍ ഏറെയുണ്ട്,' എന്ന് കീര്‍ത്തി സുരേഷ് കുറിച്ചു.

2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി രേഖപ്പെടുത്തിയ രേഖാചിത്രം ആസിഫ് അലിയുടെ കരിയറില്‍ തന്നെ ഏറ്റവും മികച്ച ബോക്‌സ് ഓഫീസ് ഇനിഷ്യലാണ്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിര്‍മ്മിച്ചത്. രേഖാചിത്രത്തില്‍ അനശ്വര രാജനാണ് നായിക. 80കളിലെ ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെട്ടത്.