മുംബൈ: അമ്മയായതിന് ശേഷം തന്റെ ശരീരത്തോടുള്ള കാഴ്ചപ്പാടിൽ വന്ന മാറ്റത്തെക്കുറിച്ച് മനസ്സ് തുറന്ന് ബോളിവുഡ് താരം കിയാര അദ്വാനി. ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും ഒന്നിച്ചെത്തിയ 'വാർ 2' (War 2) എന്ന ചിത്രത്തിലെ തന്റെ വൈറലായ ബിക്കിനി രംഗത്തെക്കുറിച്ചും അതിനായി നടത്തിയ കഠിനാധ്വാനത്തെക്കുറിച്ചുമാണ് കിയാര സംസാരിച്ചത്. വോഗ് ഇന്ത്യയ്ക്ക് (Vogue India) നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ പങ്കുവെച്ചത്.

മാറ്റങ്ങളെക്കുറിച്ച് കിയാര: 2025 ജൂലൈയിലാണ് കിയാരയ്ക്കും സിദ്ധാർത്ഥ് മൽഹോത്രയ്ക്കും പെൺകുഞ്ഞ് (സാരായ) ജനിച്ചത്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ ഓഗസ്റ്റിലാണ് 'വാർ 2' റിലീസ് ചെയ്തത്. "പ്രസവത്തിന് ശേഷം ഒരു നിമിഷം ഞാൻ ചിന്തിച്ചു, 'ഞാൻ ഇത് മുൻപും ചെയ്തിട്ടുണ്ട്, ഇനിയും എനിക്കിത് ചെയ്യാൻ സാധിക്കും'. പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി, ഇത് വെറുമൊരു മികച്ച ശരീരം ഉണ്ടാക്കിയെടുക്കുന്നതിനെക്കുറിച്ചല്ല," കിയാര പറഞ്ഞു.

'വാർ 2' വിൽ കണ്ട തന്റെ ശരീരവും പ്രസവത്തിന് ശേഷമുള്ള ശരീരവും തമ്മിലുള്ള വ്യത്യാസം ആദ്യം ഉൾക്കൊള്ളാൻ പ്രയാസമായിരുന്നുവെന്ന് താരം വെളിപ്പെടുത്തി. "ഇപ്പോൾ എന്റെ ശരീരത്തെ നോക്കുമ്പോൾ ഞാൻ ചിന്തിക്കുന്നത്, 'നീ ഒരു ജീവന് ജന്മം നൽകി' എന്നാണ്. അതിനോളം വരില്ല മറ്റൊന്നും. ഇപ്പോൾ ഏത് ആകൃതിയിലായാലും ഞാൻ എന്റെ ശരീരത്തെ ബഹുമാനിക്കുന്നു," കിയാര വ്യക്തമാക്കി. 'വാർ 2'വിലെ കിയാരയുടെ ബിക്കിനി ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ആ വേഷത്തിനായി വലിയ അച്ചടക്കത്തോടെയുള്ള തയ്യാറെടുപ്പുകൾ താരം നടത്തിയിരുന്നു.