ബംഗളുരു: രേണുകാസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപയും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റിലായതിന്റെ ഞെട്ടലിസാണ് സിനിമാ ലോകം. എന്നാൽ, ഇരുവരെയും തള്ളിപ്പറഞ്ഞ് നീതിക്ക് വേണ്ടി നിലയുറപ്പിച്ചിരിക്കയാണ് കന്നഡയിലെ മറ്റൊരു സൂപ്പർതാരമായ കിച്ചാ സുദീപ്.

കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ ഭാര്യക്കും അവർക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി ലഭിക്കണമെന്ന് സുദീപ് മാധ്യമങ്ങളോടുപറഞ്ഞു. കന്നഡ ചലച്ചിത്ര മേഖലയെ ഒന്നടങ്കം ജനങ്ങൾ കുറ്റപ്പെടുത്തുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. കുറ്റം ചെയ്തയാൾക്ക് ശിക്ഷ കിട്ടിയാലേ ജനങ്ങളിൽനിന്ന് ക്ലീൻ ചിറ്റ് കിട്ടൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദർശന്റെ പേര് പരാമർശിക്കാതെയായിരുന്നു സുദീപിന്റെ അഭിപ്രായപ്രകടനം.

'മാധ്യമങ്ങളിൽ വരുന്നതുമാത്രമാണ് നമുക്കറിയാവുന്നത്. കാരണം നമ്മളാരും വിവരം തിരക്കാൻ പൊലീസ് സ്റ്റേഷനിൽ പോകുന്നില്ലല്ലോ. സത്യം മറനീക്കിക്കൊണ്ടുവരാൻ മാധ്യമങ്ങളും പൊലീസും കഠിനാധ്വാനം ചെയ്യുന്നുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. കൊല്ലപ്പെട്ടയാളുടെ കുടുംബവും ഭാര്യയും നീതി അർഹിക്കുന്നുണ്ട്. തെരുവിൽക്കിടന്ന് മരിച്ച രേണുകാസ്വാമിക്ക് നീതി ലഭിക്കണം. അയാളുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിന് നീതി കിട്ടണം. എല്ലാത്തിനുമുപരി എല്ലാവർക്കും നീതിയിൽ വിശ്വാസമുണ്ട്. ഈ കേസിൽ നീതി വിജയിക്കണം.' കിച്ചാ സുദീപ് പറഞ്ഞു.

രേണുകാസ്വാമിയുടെ കൊലപാതകവും പിന്നാലെ നടൻ ദർശനെ അറസ്റ്റ് ചെയ്തതും കന്നഡ ചലച്ചിത്ര മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കിയെന്ന് സുദീപ് അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ അന്തരീക്ഷം അത്ര ശരിയാണെന്ന് തോന്നുന്നില്ല. ഫിലിം ഇൻഡസ്ട്രിക്ക് നീതിയും ക്ലീൻ ചിറ്റും ലഭിക്കണം. സിനിമ എന്നാൽ ഒന്നോ രണ്ടോ ആളുകളല്ല. ഒരുപാട് താരങ്ങൾ ഉൾപ്പെടുന്ന മേഖലയാണിത്. കുറ്റവാളി ശിക്ഷിക്കപ്പെട്ടാലേ ഇൻഡസ്ട്രിക്ക് ആശ്വാസമാകൂ എന്നും സുദീപ് കൂട്ടിച്ചേർത്തു.

ഈ മാസം എട്ടിനാണ് ചിത്രദുർഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ഒൻപതിന് കാമാക്ഷിപാളയത്തെ ഓടയിൽനിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തി. നടിയും ഫാഷൻ ഡിസൈനറുമായ പവിത്ര ഗൗഡ ദർശനുമായി പത്തുവർഷമായി ബന്ധം പുലർത്തിവരുന്നതായി പൊലീസ് പറഞ്ഞു.