കൊച്ചി: ഇടക്കാലത്തിന് ശേഷം മലയാളത്തിലേക്ക് ശക്തമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ് ദു്ൽഖർ സൽമാൻ. അന്യഭാഷാ ചിത്രങ്ങൡ അറിയപ്പെടുന്ന മുഖമായി ദുൽഖർ മാറിയിരുന്നു. മലയാളത്തിലേക്കുള്ള മടങ്ങി വരവ് മാസാകാൻ തന്നെ ലക്ഷ്യമിട്ടാണ്. കിങ് ഓഫ് കൊത്തയുടെ ടീസർ പുറത്തു വന്നതോടെ സിനിമക്ക് ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്.

ദുൽഖർ സൽമാന്റെ ഗംഭീര ഗെറ്റപ്പും മാസ് ആക്ഷനും ആവേശമായി 'കിങ് ഓഫ് കൊത്ത' ടീസർ. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നാണ്. വമ്പൻ താരനിരകളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സാർപ്പട്ട പരമ്പരയിലെ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തരംഗമായി മാറിയ ഷബീർ കല്ലറക്കൽ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്ര അവതരിപ്പിക്കുന്നുണ്ട്.

ഷാഹുൽ ഹസ്സൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി തമിഴ് നടൻ പ്രസന്ന എത്തുന്നു. താരയായി ഐശ്വര്യ ലക്ഷ്മിയും മഞ്ജുവായി നൈല ഉഷയും വേഷമിടും. ദുൽഖർ ചെയ്യുന്ന കഥാപാത്രത്തിന്റെ അച്ഛൻ കൊത്ത രവിയായി ഷമ്മി തിലകൻ, രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വടചെന്നൈ ശരൺ, റിതുവായി അനിഖാ സുരേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രമായി എത്തുന്നത്.

അഭിലാഷ് എൻ ചന്ദ്രന്റെതാണ് തിരക്കഥ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് രാജശേഖറാണ്. ജേക്‌സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതസംവിധാനം. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്രം ഓണത്തിന് തിയറ്ററുകളിൽ എത്തും.