കൊച്ചി: നടൻ ദിലീപിനൊപ്പം പ്രവർത്തിക്കാൻ നിലവിൽ മുൻനിര സംവിധായകർ തയ്യാറല്ലെന്നും, അദ്ദേഹത്തിന്റെ ചിത്രങ്ങളോടുള്ള പ്രേക്ഷകരുടെ വിശ്വാസം നഷ്ടപ്പെട്ടെന്നും യൂട്യൂബർ അശ്വന്ത് കോക്ക്. ദിലീപിന്റെ സമീപകാല ചിത്രം 'ഭ ഭ ബ' തിയേറ്ററുകളിലും ഒ.ടി.ടിയിലും വിമർശനം നേരിട്ട പശ്ചാത്തലത്തിലാണ് അശ്വന്ത് കോക്കിന്റെ ഈ അഭിപ്രായങ്ങൾ ചർച്ചയാകുന്നത്.അമൽ നീരദ്, ദിലീഷ് പോത്തൻ, തരുൺ മൂർത്തി, സത്യൻ അന്തിക്കാടിന്റെ മകൻ തുടങ്ങിയ മികച്ച സംവിധായകർ ദിലീപിനൊപ്പം സഹകരിക്കാൻ സാധ്യതയില്ലെന്നാണ് അശ്വന്ത് കോക്ക് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.

അത്തരം ക്രിയേറ്റിവ് ആയിട്ടുള്ള സംവിധായകരുമായി ചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ ദിലീപിന് മുന്നോട്ട് പോകാൻ കഴിയൂ എന്നും, അല്ലാതെ 'ഭ ഭ ബ' പോലെ പുതിയ ആളുകളെക്കൊണ്ട് എഴുതിക്കുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത 'ഭ ഭ ബ' വലിയ പ്രൊമോഷനുകളോടെ എത്തിയിട്ടും തിയേറ്ററുകളി പരാജയപ്പെടുകയും ഒ.ടി.ടി റിലീസിന് ശേഷം വ്യാപകമായ വിമർശനങ്ങൾ നേരിടുകയും ചെയ്തിരുന്നു.

ചിത്രത്തിലെ വിവാദ രംഗങ്ങൾ ഒ.ടി.ടിയിൽ നിന്ന് നീക്കം ചെയ്യേണ്ടിവന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു. മോഹൻലാൽ ഒരു പ്രധാന വേഷത്തിലെത്തിയതുകൊണ്ട് മാത്രമാണ് ചിത്രത്തിന് ആദ്യ ദിവസം അത്രയധികം പ്രേക്ഷകരെ ലഭിച്ചതെന്നും, ദിലീപ് മാത്രമുണ്ടായിരുന്നെങ്കിൽ അത്ര ഹൈപ്പ് ലഭിക്കുമായിരുന്നില്ലെന്നും അശ്വന്ത് കോക്ക് അഭിപ്രായപ്പെട്ടു.

പ്രേക്ഷകർ "ദിലീപിന്റെ പടം" എന്ന നിലയിൽ ഇപ്പോൾ തിയേറ്ററുകളിലേക്ക് പോകുന്ന സാഹചര്യമില്ലെന്ന് അശ്വന്ത് നിരീക്ഷിച്ചു. ദിലീപ് കുറ്റക്കാരനല്ലെന്ന് വിധിക്കപ്പെട്ടിട്ടും, മുമ്പ് അദ്ദേഹത്തെ വെച്ച് സിനിമകൾ ചെയ്തിരുന്ന സംവിധായകർ ഇപ്പോൾ സഹകരിക്കുന്നില്ലെന്നും, ഇത് ദിലീപിന് അഭിനയിക്കാൻ അറിയാത്തതുകൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അശ്വന്ത് കോക്ക് ഈ പരാമർശങ്ങൾ നടത്തിയത്.