കോട്ടയം: സിനിമാ ലോകത്തെ ഞെട്ടിച്ച അപകടമായിരുന്നു കൊല്ലം സുധിയുടെ അപകടം മരണം. സുധിയുടെ ഓർമ്മകളിൽ കഴിയുകയാണ് ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം. ആദ്യ വിവാഹ ബന്ധത്തിലെ മകനും രണ്ടാം ഭാര്യയും മകനുമാണ് സുധിക്ക് ഉണ്ടായിരുന്നത്. ഇവരുടെ ജീവിതമാണ് സുധിയുടെ മരണത്തോടെ വഴിമുട്ടിയത്.

എന്നാൽ ഇപ്പോഴിതാ,സുധിയുടെ ഭാര്യ രേണു തനിക്ക്അ നേരെ ഉയരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം. 'എന്റെ ഈ അവസ്ഥ വരുന്നവർക്ക് മാത്രമേ അത് മനസ്സിലാവൂ. ജീവന് തുല്യം സ്നേഹിച്ച ഭർത്താവ് മരിച്ചെന്നത് ഞാൻ അക്‌സെപ്റ്റ് ചെയ്തില്ലെങ്കിൽ എനിക്ക് തന്നെ ചിലപ്പോൾ ഭ്രാന്തായി പോകുമായിരുന്നു. മക്കൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വന്നേനെ. അതിൽ നിന്ന് പുറത്തു കടക്കാൻ എന്തെങ്കിലും ഒക്കെ ചെയ്യണം. ഇൻസ്റ്റഗ്രാമിൽ ഞാൻ ഫോട്ടോസ് ഇടുന്നത് ഏട്ടനൊപ്പമുള്ള പഴയ കാലം ഓർത്തുകൊണ്ടുള്ള സന്തോഷത്തിലാണ്. എന്റെ മനസ്സിലെ വേദന മാറ്റാനാണ്',

'ഏട്ടൻ മരിക്കുന്നതിന് കുറച്ചു നാൾ മുൻപാണ് എനിക്ക് ഫോൺ വാങ്ങി തന്നത്. അതിന് ശേഷമാണ് ഇൻസ്റ്റഗ്രാമിൽ ഫോട്ടോയും റീൽസും എല്ലാം ഇടാൻ തുടങ്ങിയത്. ഇപ്പോഴും ഇൻസ്റ്റഗ്രാം എന്താണ് അതിന്റെ റീച്ച് എന്താണ് എന്നൊന്നും എനിക്കറിയില്ല. അച്ഛനെ സ്നേഹിക്കുന്നവർ മെസേജ് ഇടുമ്പോൾ മറുപടി നൽകണേ എന്ന് മകൻ കിച്ചു ആണ് എന്നോട് പറഞ്ഞത്', രേണു പറയുന്നു.

'ഞാൻ എന്റെ കാര്യങ്ങൾക്ക് വേണ്ടി പുറത്തിറങ്ങുന്നതിനെ തന്നെ നെഗറ്റീവായി കാണുന്നവരുണ്ട്. മക്കളുടെ പഠനത്തിന്റെ ആവശ്യത്തിനും, എന്റെ വിധവ പെൻഷൻ കാര്യങ്ങൾക്കും, ഒരു ജോലി തരപ്പെടുത്താനും ഒക്കെയുള്ള ഓട്ടത്തിലാണ് ഞാൻ. ഏട്ടൻ മരിച്ച സമയത്ത് ഒരുപാട് പേർ സഹായിച്ചിരുന്നു. ഫ്ളവേഴ്സുകാരാണ് ചടങ്ങുകൾ എല്ലാം നടത്തിയത്. ലക്ഷ്മി നക്ഷത്രയും, അനൂപ് സാറും എല്ലാവരും കൂടെയുണ്ട്. പക്ഷെ എല്ലാവരുടെയും സഹായം എല്ലാ കാലത്തും കിട്ടണം എന്നില്ലല്ലോ. എനിക്ക് ഇപ്പോൾ ഒരു ജോലിയാണ് ആവശ്യം',

'റേഷൻ കടയിൽ നിന്ന് അരിയും മറ്റു സാധനങ്ങളും കിട്ടുന്നതുകൊണ്ട് അങ്ങനെ പോകുന്നു. അതല്ലാതെ പല ബുദ്ധിമുട്ടുകളും ഉണ്ട്, പുറത്തു പറയാൻ താത്പര്യമില്ല. എങ്ങനെയെങ്കിലും ഒരു ജോലി നേടിയെടുക്കണം എന്നാണ് ഇപ്പോൾ', രേണു പറഞ്ഞു.