കോട്ടയം: സൈബറിടത്തിലൂടെ ഇടക്കിടെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന വ്യക്തിയാണ് അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു. സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ ചിലരുടെ കമന്റുകള്‍ തന്നെ വേദനിപ്പിച്ച വിവരം അവര്‍ തുറന്നു പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഒരു റീല്‍പോലും ചെയ്യാന്‍ തനിക്ക് കഴിയുന്നില്ലെന്നും അങ്ങനെ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ ഒരു വിധവ ഇങ്ങനെ നടക്കരുത് എന്ന തരത്തിലാണ് താഴെ കമന്റുകളുണ്ടാകുക എന്നായിരുന്നു രേണു വ്യക്തമാക്കിയിരുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ താന്‍ ഇത്തരത്തിലുള്ള കമന്റുകള്‍ ഒന്നും നോക്കാറില്ലെന്നും കുറ്റം പറയുന്ന ആരും നമുക്ക് ഒന്നും തരുന്നില്ലെന്നും രേണു നേരത്തെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ വിമര്‍ശകരുടേയും പരിഹാസം ചൊരിയുന്നവരുടേയും വായ അടപ്പിക്കുന്ന തരത്തിലുള്ള മറുപടി നല്‍കിയിരിക്കുകയാണ് രേണു. ബ്രൈഡല്‍ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചാണ് രേണുവിന്റെ മറുപടി. ഗോള്‍ഡന്‍ കസവുള്ള മഞ്ഞ നിറത്തിലുള്ള സാരിയും ചുവപ്പ് ബ്ലൗസുമാണ് രേണുവിന്റെ ഔട്ട്ഫിറ്റ്. സാരിക്ക് യോജിക്കുന്ന രീതിയില്‍ ആന്റിക് ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. മുത്തുകള്‍ പതിപ്പിച്ച വലിയ ജിമിക്കി കമ്മലും നെറ്റിച്ചുട്ടിയും രേണുവിനെ കൂടുതല്‍ സുന്ദരിയാക്കി.

'അവര്‍ ജീവിക്കട്ടെ. ഭര്‍ത്താവ് മരിച്ചെന്നു കരുതി ജീവിതകാലം മുഴുവന്‍ കരഞ്ഞു ജീവിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല, വീണ്ടും സുമംഗലിയാകാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെയുള്ള കമന്റുകളും ഉണ്ട് ചിത്രത്തിന്. ഭര്‍ത്താവ് മരിച്ചാല്‍ സതി അനുഷ്ഠിക്കണമോ, അവര്‍ അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ എന്നിങ്ങനെയും രേണുവിനെ പിന്തുണച്ച് കമന്റുകള്‍ ചോദിക്കുന്നു.

നേരത്തെ സമൂഹമാധ്യമങ്ങളില്‍ നിന്നുള്ള വിമര്‍ശനം മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി വെളിപ്പെടുത്തി രേണു രംഗത്ത് എത്തിയിരുന്നു. താന്‍ എന്തു ചെയ്താലും വിധവ എന്നു പറഞ്ഞു വിമര്‍ശിക്കുകയാണെന്ന് രേണു പറയുന്നു. പല വിമര്‍ശനങ്ങളും കമന്റുകളും പരിധി വിടാറുണ്ടെന്നും ശരിക്കും മടുത്തെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച സ്റ്റോറിയില്‍ രേണു പറഞ്ഞു.

'ഒന്നിനും ഞാന്‍ ഇല്ല. എന്തു തെറ്റാണ് ഞാന്‍ ചെയ്യുന്നത് എന്ന് എനിക്കറിയില്ല. വിധവ ആണെന്നു പറഞ്ഞ് എനിക്കൊന്നും ചെയ്യാന്‍ പറ്റില്ലേ ? എല്ലാം കുറ്റമാണ്. കേട്ടു കേട്ടു മടുത്തു. ഒന്നുകില്‍ ജീവിതം അവസാനിപ്പിക്കും. അല്ലെങ്കില്‍ ആരെയെങ്കിലും കെട്ടി ജീവിക്കും. എനിക്കു മടുത്തു. ഇങ്ങനെ കേള്‍ക്കാന്‍ എന്തേലും തെറ്റ് ചെയ്തിട്ടാണെങ്കില്‍ കുഴപ്പമില്ല. വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്തു ചെയ്താലും പറഞ്ഞാലും കുറ്റം. ഞാന്‍ ജീവിതം അവസാനിപ്പിച്ചാലും, ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവര്‍ തന്നെ കാരണം' രേണു പറഞ്ഞു.

മേക്കപ്പ് ആര്‍ട്ടിസ്റ്റായ സുജ അഖിലേഷാണ് രേണുവിനെ നവവധുവായി ഒരുക്കിയത്. ചുവപ്പ് ലിപ്സ്റ്റിക്കും മുടിയില്‍ പൂവും ചൂടി സിംപിള്‍ മേക്കപ്പിലാണ് രേണുവിനെ സുജ ഒരുക്കിയത്.