- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചെറുപ്പത്തിൽ ആ ചിത്രം ഏറെ ഭയപ്പെടുത്തിയിരുന്നു, പിന്നീടാണ് അതൊരു വലിയ സിനിമയാണെന്ന് മനസിലായത്'; മോഹൻലാൽ ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ കൃഷാന്ദ്
കൊച്ചി: മലയാളത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ഭരതൻ-മോഹൻലാൽ കൂട്ടുകെട്ടിലെ 'താഴ്‌വാരം' തന്നെ ചെറുപ്പത്തിൽ ഏറെ ഭയപ്പെടുത്തിയെന്നും പിന്നീടാണ് അത് വലിയൊരു സിനിമയാണെന്ന് തിരിച്ചറിഞ്ഞതെന്നും സംവിധായകൻ കൃഷാന്ദ്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ആവാസവ്യൂഹം', 'പുരുഷപ്രേതം' തുടങ്ങിയ ചിത്രങ്ങളിലൂടെ സ്വന്തമായ ശൈലി തെളിയിച്ച കൃഷാന്ദ്, 'താഴ്‌വാരം' ഒരു ക്ലാസിക് സിനിമയായി കാണുന്നു. ആദ്യമായി തിയേറ്ററിൽ കണ്ടപ്പോൾ ചിത്രത്തിലെ ഭീതി തന്നെ അലട്ടിയിരുന്നതായി അദ്ദേഹം ഓർക്കുന്നു. രാത്രി പുതച്ചുമൂടി കിടക്കുമ്പോൾ തന്നെ ആരെങ്കിലും വന്ന് കൊല്ലുമെന്ന ഭയം പോലും തോന്നിയിരുന്നതായി കൃഷാന്ദ് പറഞ്ഞു.
എന്നാൽ, പിന്നീട് സ്പാഗെട്ടി വെസ്റ്റേൺ, ലിയോണിന്റെ ചിത്രങ്ങൾ, ഹോളിവുഡ് സിനിമകൾ എന്നിവ കണ്ടതിന് ശേഷം 'താഴ്‌വാരം' വീണ്ടും കണ്ടപ്പോൾ അതിൻ്റെ മഹത്വം തിരിച്ചറിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിലെ വില്ലന്റെ വെസ്റ്റേൺ ശൈലി, ഭൂപ്രകൃതി, ദൃശ്യങ്ങൾ, കഥാപാത്രങ്ങൾ എന്നിവ തന്നെ ചിന്തിപ്പിച്ചുവെന്നും കൃഷാന്ദ് വ്യക്തമാക്കി.
അതേസമയം, മോഹൻലാലും കൃഷാന്ദും ഒന്നിക്കുന്ന പുതിയ ചിത്രം ഉടൻ വരുന്നു എന്ന വാർത്തകൾ സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷ നൽകുന്നുണ്ട്. മോഹൻലാൽ തിരക്കഥ വായിച്ച് ചർച്ചകളിലും ബജറ്റിങ്ങിലുമൊക്കെ കടന്നിട്ടുണ്ടെന്നും, ഇത് തന്റെ രണ്ടാമത്തെ ചിത്രമായ 'ആവാസവ്യൂഹത്തിന്' മുൻപ് എഴുതിയ തിരക്കഥയാണെന്നും അതിനാൽ പെട്ടെന്ന് ചിത്രീകരിക്കാൻ ആഗ്രഹമുണ്ടെന്നും കൃഷാന്ദ് മുമ്പ് പറഞ്ഞിരുന്നു.