മുംബൈ: സെലിബ്രിറ്റി താരങ്ങൾക്ക് പലപ്പോഴും ആരാധകരിൽ നിന്നും മോശം അനുഭവങ്ങൾ നേരിടേണ്ടി വരാറുണ്ട്. ദുൽഖർ സൽമാൻ അടുത്തിടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചു തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചു പറഞ്ഞ് ഒരു നടി രംഗത്തുവന്നു.

ഹോട്ടലിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടി കൃതി ഖർബന്ദ. മുറിയിൽ നിന്ന് ഒളികാമറ കണ്ടെത്തിയെന്നും കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവമെന്നും താരം അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഒരു പയ്യനായിരുന്നു ഇതിന് പിന്നിൽ. എന്നാൽ അവൻ ഒളികാമറ വെക്കാൻ അറിയില്ലായിരുന്നു. മുറിയിലെ സെറ്റ് ഓഫ് ബോക്‌സിന് പിറകിലാണ് കാമറ ഒളിപ്പിച്ചത്. ഇത് വളരെ കൃത്യമായി കാണമായിരുന്നു. അന്ന് ഞാനും എന്റെ സ്റ്റാഫും ശരിക്കും പേടിച്ചു. സാധാരണ ഹോട്ടൽ മുറിയിൽ താമസിക്കാനെത്തുമ്പോൾ വളരെ കൃത്യമായി മുറി പരിശോധിക്കുന്ന ശീലം ഞങ്ങൾക്കുണ്ട്- കൃതി കൂട്ടിച്ചേർത്തു.

ആരാധകനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും അഭിമുഖത്തിൽ കൃതി വ്യക്തമാക്കി. 'ഒരിക്കൽ ഫോട്ടോ എടുക്കുന്നതിനിടെ ഒരാൾ തന്നെ പിച്ചി. ആ ഭാഗത്ത് രക്തം കട്ടപിടിച്ചു. ആ സമയത്ത് എനിക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി- കൃതി കൂട്ടിച്ചേർത്തു.