കുഞ്ചാക്കോ ബോബന്‍ നായകനായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ജീത്തു അഷ്റഫ് സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലറില്‍ ചാക്കോച്ചനൊപ്പം പ്രിയാമണി, ജഗദീഷ്, വിശാഖ് നായര്‍, മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, റംസാന്‍, വിഷ്ണു ജി വാരിയര്‍, ലയ മാമ്മന്‍, ഐശ്വര്യ, അമിത് ഈപന്‍ തുടങ്ങിയവരുമുണ്ട്.

ചിത്രത്തിന്റെ പ്രമോഷനിടെ പകര്‍ത്തിയൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. പ്രമോഷന്‍ പരിപാടി കാണാനെത്തിയ ഒരു ആരാധിക ചാക്കോച്ചനൊപ്പം 28 വര്‍ഷങ്ങള്‍ക്കുമുന്‍പ് എടുത്ത ചിത്രം താരത്തെ കാണിച്ചു. 1998ല്‍ എടുത്ത ആ ചിത്രം കൗതുകത്തോടെ നോക്കുന്ന ചാക്കോച്ചനെയും വീഡിയോയില്‍ കാണാം. ആരാധികയെ സ്റ്റേജിലേക്ക് വിളിച്ച് പുതിയൊരു സെല്‍ഫി എടുക്കാനും ചാക്കോച്ചന്‍ മറന്നില്ല.

നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച നടനായ ജിത്തു അഷ്‌റഫാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ സംവിധായകന്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 'കണ്ണൂര്‍ സ്‌ക്വാഡി'ന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജാണ് ഛായാഗ്രഹണം. ചമന്‍ ചാക്കോ എഡിറ്റിംഗും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു.