കൊച്ചി: കേരളത്തിലാകെ ഹിറ്റായിരിക്കുകയാണ് ഇന്ത്യൻ റെയിൽവെയുടെ വന്ദേഭാരത് എക്സ്പ്രസ്. മലയാൡകൾ ഇരുംകൈയും നീട്ടിയാണ് വന്ദേ ഭാരതിനെ സ്വീകരിച്ചത്. നിലവിൽ കാസർകോട്- തിരുവനന്തപുരം റൂട്ടിലാണ് വന്ദേഭാരത് സർവീസ് നടത്തുന്നത്. സിനിമ-സാംസ്‌കാരിക മേഖലയിലുള്ളവർ വന്ദേഭാരതിൽ യാത്ര ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ വന്ദേഭാരതിൽ യാത്ര ചെയ്ത മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയയിൽ വൈറലാകുന്നത്. കണ്ണൂരിൽ നിന്നും കൊച്ചിയിലേക്കാണ് ചാക്കോച്ചൻ യാത്ര നടത്തിയത്. കണ്ണൂരിൽ നടന്ന ഗസറ്റഡ് ഓഫീസർമാരുടെ കലോത്സവത്തിനും കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികത്തിലും പങ്കെടുക്കാനാണ് താരം എത്തിയത്.

തന്റെ പുതിയ ചിത്രമായ ചാവേറിന്റെ പ്രൊമോഷൻ പരിപാടിക്കായി എത്രയും വേഗം കൊച്ചിയിലെത്താനായാണ് വന്ദേഭാരത് യാത്ര തിരഞ്ഞെടുത്തതെന്ന് താരം പറഞ്ഞു. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേർ ഒക്ടോബർ അഞ്ചിന് തീയറ്ററുകളിൽ എത്തും. സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം വളരെ വ്യത്യസ്തമാർന്ന ഒരു വേഷത്തിൽ ചാക്കാച്ചൻ പ്രത്യക്ഷപ്പെടുന്ന സിനിമയാണ് ചാവേർ. അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.