ബിഗ് ബോസ് മലയാളം സീസൺ 7-ൽ കടുത്ത വാക്കുതർക്കങ്ങളിൽ ഏർപ്പെട്ടിരുന്ന മത്സരാർത്ഥികളായിരുന്ന വേദ് ലക്ഷ്മിയും ഷാനവാസും ഇപ്പോൾ ഉറ്റ സുഹൃത്തുക്കളാണെന്ന് വെളിപ്പെടുത്തി വേദ് ലക്ഷ്മി. ഷോയുടെ വീടിനുള്ളിലെ പ്രശ്നങ്ങളെല്ലാം മറന്ന് ഷാനവാസ് ഒരു "നല്ല മനുഷ്യനാണെന്നും", "ജീവിതകാലം മുഴുവൻ തൻ്റെ സുഹൃത്തായിരിക്കുമെന്നും" ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ സംഭാഷണത്തിനിടെ അറിയിച്ചു.

"ആദ്യം ഞങ്ങൾ വഴക്കിലായിരുന്നുവെന്നും പിന്നീട് കൂട്ടായെന്നും എല്ലാവർക്കുമറിയാം. ബിഗ് ബോസ് വീടിനകത്ത് നിൽക്കുമ്പോൾ ആരൊക്കെയാണ് നമ്മുടെ എന്ന് തിരിച്ചറിയാൻ പെട്ടെന്ന് സാധിക്കില്ല. എൻ്റെ സൗഹൃദങ്ങൾ കുറച്ചുകാലത്തേക്കുള്ളതല്ല. ഞാൻ സുഹൃത്താക്കുകയാണെങ്കിൽ ജീവിതകാലം മുഴുവൻ അവർ എൻ്റെ കൂടെയുണ്ടാകും. അതുപോലൊരു വ്യക്തിയാണ് ഷാനവാസ്. നല്ല മനുഷ്യനാണ്, നല്ല ബന്ധമാണ്," ലക്ഷ്മി വീഡിയോയിൽ പറഞ്ഞു. ഷാനവാസിൻ്റെ ആരാധക പേജും ലക്ഷ്മിയുടെ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ബിഗ് ബോസ് വീടിനുള്ളിൽ ഇരുവരും തമ്മിൽ പലപ്പോഴും രൂക്ഷമായ വാക്കുതർക്കങ്ങൾ നടന്നിട്ടുണ്ട്. അനീഷും ഷാനവാസും ബിഗ് ബോസ് ജയിലിൽ ആയിരുന്നപ്പോൾ ബിന്നിയുടെ ദേഹത്ത് ഷാനവാസ് അരിപ്പൊടി എറിഞ്ഞതുമായി ബന്ധപ്പെട്ട വാക്പോര് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ സമയത്ത് ലക്ഷ്മിയോട് ഷാനവാസ് ഉപയോഗിച്ച വാക്കുകൾ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.

അഭിനേത്രിയും മോഡലും ഇൻഫ്ളുവൻസറുമായ വേദ് ലക്ഷ്മി ബിഗ് ബോസ് മലയാളം സീസൺ 7-ലേക്ക് വൈൽഡ് കാർഡ് എൻട്രിയായിട്ടാണ് എത്തിയത്. ആർക്കിടെക്ടും മാർക്കറ്റിംഗ് വിദഗ്ധയും കൂടിയാണ് ഇവർ. മുൻ ബിഗ് ബോസ് വിജയിയായ അഖിൽ മാരാർ നായകനായി എത്തിയ 'മിഡ്‌നൈറ്റ് ഇൻ മുള്ളൻകൊല്ലി' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ലക്ഷ്മി, അതിൽ 'ഗീതു' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഹൗസിനുള്ളിൽ വെച്ച് ആദിലയ്ക്കും നൂറയ്ക്കും എതിരെ ലക്ഷ്മി നടത്തിയ പരാമർശങ്ങളും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.