ചെന്നൈ: ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് ലക്ഷ്മി റായി. സൂപ്പർതാര ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അവർ. മോഹൻലാൽ നായകനായ റോക്ക് ആൻ റോളിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് 'ഡിഎൻഎ' എന്ന പുതിയ ചിത്രത്തിലൂടെ തിരികെ വരുന്നത്.

ഇപ്പോഴിതാ റായ് ലക്ഷ്മി മോഹൻലാലിനോടൊപ്പവും മമ്മൂട്ടിയോടൊപ്പവും അഭിനയിച്ച സമയത്തുണ്ടായ ചില അനുഭവങ്ങളാണ് തുറന്നുപറഞ്ഞിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തലുകൾ നടത്തിയത്.'കൂടുതലും തമിഴിലും തെലുങ്കിലുമാണ് അഭിനയിച്ചത്. കൊവിഡിനുശേഷം ഇപ്പോഴാണ് മലയാളത്തിൽ ഒരു സിനിമ ചെയ്യാൻ അവസരം ലഭിച്ചത്. പുതിയ ചിത്രത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണെത്തുന്നത്.

ലാലേട്ടനോടൊപ്പവും മമ്മൂക്കയോടൊപ്പവും വ്യത്യസ്ത വേഷങ്ങളാണ് ഇതിനുമുൻപ് മലയാള സിനിമയിൽ ചെയ്തത്. എന്നാൽ ഇത് ആദ്യമായാണ് മലയാളത്തിൽ ഒരു ശക്തമായ കഥാപാത്രം ചെയ്യുന്നത്. ലാലേട്ടനും മമ്മൂക്കയും ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. ഒരു വിത്തിന് വളരാൻ വളക്കൂറുള്ള മണ്ണ് ആവശ്യമാണ്. മലയാള സിനിമയിലെ എന്റെ വളർച്ചയ്ക്ക് കാരണമായത് അവരാണ്. സിനിമ എന്നുപറയുന്നത് തന്നെ ഒരു കൂട്ടം ആൾക്കാരുടെ പരിശ്രമമാണ്. ഞാനും അതിന്റെ ഒരു ഭാഗമാണ്.

ലാലേട്ടൻ എല്ലാ കാര്യങ്ങളെയും ശാന്തമായി കാണുന്ന വ്യക്തിയാണ്. ടെൻഷനടിക്കേണ്ട, പേടിക്കേണ്ട, എല്ലാം ശരിയാകും എന്നൊക്കെയാണ് ഷോട്ടെടുക്കുമ്പോൾ പറയാറുള്ളത്. അഭിനയിക്കാൻ വേണ്ടി ലാലേട്ടൻ ഒരുപാട് എളുപ്പവഴികൾ പറഞ്ഞുതന്നിട്ടുണ്ട്. എല്ലാവരുമായി ലാലേട്ടൻ പെട്ടന്ന് സൗഹൃദത്തിലാകും. അതുകണ്ട് ഞാൻ അതിശയിച്ചിട്ടുണ്ട്. മമ്മൂക്കയെക്കുറിച്ച് പറയുവാണേൽ അദ്ദേഹം എന്നെ വീട്ടിലുള്ള ഒരാളെ പോലെയാണ് കണ്ടിട്ടുള്ളത്. എനിക്ക് ഭക്ഷണം തരാനായിരിക്കും സെറ്റിലെത്തി കഴിഞ്ഞാൽ മമ്മൂക്ക ആദ്യം പറയാറുള്ളത്. ഞാൻ സിനിമ കഴിഞ്ഞ് നാട്ടിലേക്ക് പോകുമ്പോൾ ആരോഗ്യവതിയായിരിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. രണ്ട് പേരും വ്യത്യസ്തമാണ്'-റായ് ലക്ഷ്മി പറഞ്ഞു.