- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിലീസാവുന്നതിന് ഒരാഴ്ചമുമ്പ് സിനിമയുടെ പേര് മാറ്റണമെന്നു പറയുന്നത് യുക്തിക്ക് നിരക്കാത്തത്
കൊച്ചി: സെൻസർ ബോർഡിനെതിരെ വിമർശനവുമായി സംവിധായകൻ ലാൽ ജോസ്. സുബീഷ് സുബി നായകനാവുന്ന ഒരു ഭാരത സർക്കാർ ഉത്പ്പന്നം എന്ന ചിത്രത്തിന്റെ പേര് ഒരു സർക്കാർ ഉത്പ്പന്നം എന്നാക്കിയ സംഭവത്തിൽ പ്രതികരിച്ചാണ് ലാൽ ജോസ് രംഗത്തുവന്നത്. റിലീസും നിശ്ചയിച്ച് സംസ്ഥാനത്തുടനീളം പോസ്റ്ററുകളൊട്ടിക്കുകയും ചെയ്തശേഷമായിരുന്നു ചിത്രത്തിന്റെ പേരിലെ ഭാരത എന്ന വാക്കുമാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. തുടർന്ന് ഒരു സർക്കാർ ഉത്പ്പന്നം എന്ന് പേരുമാറ്റി സിനിമ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.
സിനിമയുടെ പേരുമാറ്റിയതിന്റെ ഭാഗമായി പോസ്റ്ററിലെ ഭാരത എന്ന വാക്കിനുമുകളിൽ താരങ്ങളും അണിയറപ്രവർത്തകരും ചേർന്ന് കറുത്ത സ്റ്റിക്കറൊട്ടിച്ചു. ഇതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ സെൻസർ ബോർഡിന്റെ നിർദ്ദേശം വിചിത്രമാണെന്നാണ് ലാൽ ജോസ് പ്രതികരിച്ചത്. ഒരു ഭാരത സർക്കാർ ഉത്പ്പന്നം ഒരു സർക്കാർ ഉത്പ്പന്നമായി മാറുകയാണെന്നും ലാൽ ജോസ് പറഞ്ഞു.
ഇത് വിചിത്രമായ സാഹചര്യമാണ്. ഒരു രാഷ്ട്രീയപ്പാർട്ടികളേക്കുറിച്ചും ഒന്നും പറയാത്ത തമാശപ്പടമാണിത്. സിനിമയിൽ യാതൊരുവിധ രാഷ്ട്രീയ ചർച്ചകളും ഇല്ല. ഈ സിനിമയിലേക്ക് തന്നെ ആകർഷിച്ചത് ആ പേരാണ്. ഈ ചിത്രത്തിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ ഈ പേര് കേട്ടപ്പോളാണ് മുഖത്ത് ചിരി വിടർന്നത്. അപ്പോഴാണ് കഥയെന്താണെന്ന് അന്വേഷിച്ചത്. അത് കേട്ട് ഇഷ്ടമായതുകൊണ്ടാണ് ഈ ചിത്രത്തിൽ അഭിനയിച്ചതെന്നും ലാൽ ജോസ് വ്യക്തമാക്കി.
റിലീസാവുന്നതിന് ഒരാഴ്ച മുമ്പ് സിനിമയുടെ പേര് മാറ്റണമെന്നുപറയുന്നത് ഒരുയുക്തിക്കും നിരക്കാത്തതാണ്. സിനിമയ്ക്ക് യു സർട്ടിഫിക്കറ്റാണ്. ഭാരത് എന്നുപേരുള്ള ഹിന്ദി സിനിമ ഉടൻ റിലീസാവുന്നുണ്ട്. അതിന്റെ സ്ഥിതി എന്താകുമെന്നറിയില്ല. ഇന്ത്യയും ഭാരതവുമെല്ലാം പേരുകളിൽ ഉൾപ്പെട്ട ഒരുപാട് സിനിമകൾ മുമ്പ് വന്നിട്ടുണ്ട്. ഈ സിനിമയ്ക്കുമാത്രം ഇങ്ങനെ സംഭവിച്ചതെന്താണെന്നത് വിചിത്രമാണ്. ഇതെല്ലാം അഭിമുഖീകരിക്കേണ്ടിവരുന്നത് നിർമ്മാതാവും ആദ്യചിത്രം ചെയ്യുന്ന സംവിധായകനും ആദ്യമായി നായകനാവുന്ന സുബീഷ് സുബിയേപ്പോലൊരു നടനുമാണ്. അത് സങ്കടകരമാണ്. ലാൽ ജോസ് പറഞ്ഞു.
ബാലിശമായൊരു വാശിയാണ് സെൻസർബോർഡ് ഈ ചിത്രത്തോടുകാണിച്ചത്. സിനിമകണ്ട സെൻസർ ബോർഡ് അംഗങ്ങളാണ് ഈ തീരുമാനമെടുത്തതെന്ന് അറിയുമ്പോഴാണ് ഇനി നമ്മൾ നേരിടാൻപോകുന്ന കാര്യങ്ങളെത്ര വിചിത്രങ്ങളാണെന്ന് മനസിലാകുകയെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.