കൊച്ചി: തന്റെ ചെറുകഥയായ ലീല സിനിമയാക്കാൻ പാടില്ലായിരുന്നുവെന്ന് ഉണ്ണി ആർ. സിനിമയെന്ന നിലക്ക് ഞാൻ ഒട്ടും തൃപ്തനല്ലെന്നും പാളിച്ച സംഭവിച്ചിട്ടുണ്ടെന്നും മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പറഞ്ഞു. കഥകൾ സിനിമയാക്കുമ്പോൾ ആത്മാവ് ചോർന്നുപോകുമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ലീല സിനിമയെ കുറിച്ചു ഉണ്ണി പ്രതികരിച്ചത്.

'ലീല സിനിമയിൽ ഞാൻ ഒട്ടും തൃപ്തനല്ല. കഥ തന്നെയായിരുന്നു നല്ലത്. പാളിപ്പോയതാണ്. ഞാൻ എഴുതാൻ പാടില്ലായിരുന്നു. അത് തൊടാതിരിക്കുന്നതായിരുന്നു നല്ലതെന്ന് പിന്നീട് തോന്നി'- ഉണ്ണി ആർ പറഞ്ഞു.

'സ്വന്തം കഥകൾ സിനിമ ആക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. ആത്മാവ് ചോർന്നുമെന്ന് തോന്നാറുണ്ട്. പലരും സിനിമയാക്കാൻ വേണ്ടി കഥകൾ ചോദിക്കാറുണ്ട്.പ്രതി പൂവൻ കോഴി, ഒഴിവുദിവസത്തെ കളി, ലീല തുടങ്ങിയവയാണ് എന്റെ കഥകൾ സിനിമയായത്. ബിഗ്‌ബിയും ചാർളിയും സിനിമയായി എഴുതിയതാണ്'- ഉണ്ണി ആർ പറഞ്ഞു.

ബിജു മേനോൻ , പാർവതി നമ്പ്യാർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി 2016ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ലീല. വിജയരാഘവൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, കരമന സുധീർ, ജഗദീഷ്, പ്രിയങ്ക എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.