- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാ മുഖത്തും നിന്നെയാണ് കാണുന്നത്..'; ആ മറുപടി ഹൃദയത്തിൽ തൊട്ടു'; സൗഹൃദം എപ്പോൾ പ്രണയമായി മാറിയെന്ന് അറിയില്ല; പിന്തുണച്ചത് അമ്മ മാത്രം; വെല്ലുവിളികളെക്കുറിച്ച് എംജിയും ലേഖയും
കൊച്ചി: തങ്ങളുടെ പ്രണയകാലത്തെക്കുറിച്ചും നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും തുറന്നു സംസാരിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ ഗായകൻ എം.ജി. ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. ഒരുമിച്ചല്ലാതെ കാണുന്നത് അപൂർവ്വമായി കണക്കാക്കപ്പെടുന്ന ഇവർ, ജീവിതത്തിലെ പല ഘട്ടങ്ങളിലും പരസ്പരം താങ്ങും തണലുമായി നിന്നതിനെക്കുറിച്ചാണ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
ഫോണിലൂടെയാണ് തങ്ങളുടെ സൗഹൃദം ആരംഭിച്ചതെന്ന് ലേഖ ശ്രീകുമാർ ഓർത്തെടുത്തു. ആ സമയത്ത് വ്യക്തിപരമായ ചില സംഘർഷങ്ങളിലൂടെയാണ് താൻ കടന്നുപോയിരുന്നതെന്നും, വീട്ടിൽ അച്ഛനോടും അമ്മയോടും പറയാൻ മടിച്ച പല കാര്യങ്ങളും എം.ജി. ശ്രീകുമാർക്ക് മുന്നിൽ തുറന്നുപറയാൻ കഴിഞ്ഞെന്നും അവർ പറഞ്ഞു. സൗഹൃദം എപ്പോൾ പ്രണയമായി മാറിയെന്ന് തിരിച്ചറിഞ്ഞില്ലെന്നും, എന്നാൽ എം.ജി. ശ്രീകുമാറിന് വിവാഹാലോചനകൾ വരുന്ന സമയത്താണ് കാര്യങ്ങൾ കൂടുതൽ ഗൗരവത്തിലെടുത്തതെന്നും ലേഖ വ്യക്തമാക്കി.
ശ്രീക്കുട്ടന് കല്യാണാലോചനകള്‍ വരുന്ന സമയമാണ്. എല്ലാ ഫോട്ടോയും എന്നെ കാണിക്കും. 'ആരേയും ഇഷ്ടപ്പെട്ടില്ലേ?' എന്ന് ചോദിച്ചപ്പോൾ, 'എല്ലാ മുഖത്തും നിന്നെയാണ് കാണുന്നത്' എന്നായിരുന്നു എം.ജി.യുടെ മറുപടി. ആ മറുപടി ഹൃദയത്തിൽ തൊട്ടതായും ലേഖ അനുസ്മരിച്ചു. തന്റെ ഇഷ്ടം വ്യക്തമാക്കിയ എം.ജി. ശ്രീകുമാർ, ലേഖയുടെ മകൾ പഠനം പൂർത്തിയാക്കുന്നതുവരെ വിവാഹത്തിന് കാത്തിരിക്കാൻ തയ്യാറായിരുന്നു. 'ഞാൻ നിൽക്കുമ്പോൾ ശ്രീക്കുട്ടൻ വേറെ വിവാഹം കഴിക്കില്ല എന്ന് തോന്നിയതുകൊണ്ട് അമേരിക്കയിലേക്ക് തിരിച്ചുപോയി.
പക്ഷെ പ്രണയത്തിന് അതൊരു തടസ്സമായില്ല. ആ പ്രണയമാണ് ഇന്നും ഞങ്ങളെ രണ്ടുപേരെയും ചേർത്തുനിർത്തുന്നത്,' ലേഖ പറഞ്ഞു. വീട്ടിൽ അമ്മ മാത്രമാണ് തങ്ങളുടെ പ്രണയത്തെ പൂർണ്ണമായി പിന്തുണച്ചത്. ഇനി സിനിമയിൽ പാട്ടുപാടാൻ അനുവദിക്കില്ലെന്ന് വരെ സിനിമാ മേഖലയിലുള്ളവർ പറഞ്ഞതായും എം.ജി. ശ്രീകുമാർ പറഞ്ഞു. സിനിമയില്ലെങ്കിൽ ഗാനമേളകളിലൂടെ ജീവിച്ചോളാമെന്ന് ധൈര്യത്തോടെ അവരോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.




