കൊച്ചി: ആദ്യ വിവാഹത്തെയും പ്രണയത്തെയും കുറിച്ച് നടി ലെന തന്റെ പങ്കുവെച്ച തുറന്നുപറച്ചിലുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ആറാം ക്ലാസ് മുതൽ തുടങ്ങിയ നീണ്ട പ്രണയത്തെക്കുറിച്ചും പ്രായോഗികമായ തീരുമാനത്തിലൂടെ വേർപിരിഞ്ഞതിനെക്കുറിച്ചും രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

വെറും 12 വയസ്സുള്ളപ്പോഴാണ് തന്റെ പ്രണയം തുടങ്ങിയതെന്ന് ലെന പറയുന്നു. ആറാം ക്ലാസ് മുതൽ തുടങ്ങിയ ആ ബന്ധം 30 വയസ്സുവരെ നീണ്ടുനിന്നു. "സ്കൂൾ കാലത്തെ പ്രണയമായിരുന്നു അത്. ആ ബന്ധം വിവാഹത്തിലെത്തി. 23-ാം വയസ്സിലായിരുന്നു വിവാഹം. ഏഴര വർഷത്തോളം ആ ദാമ്പത്യം മുന്നോട്ട് പോയി. എന്നാൽ വിവാഹം കഴിക്കേണ്ടിയിരുന്നില്ല എന്ന് പിന്നീട് ഞങ്ങൾക്ക് ബോധ്യപ്പെട്ടു," ലെന വെളിപ്പെടുത്തി.

വിവാഹമോചനം ഒട്ടും വൈകാരികമായിരുന്നില്ലെന്നും തികച്ചും പ്രായോഗികമായ തീരുമാനമായിരുന്നുവെന്നും താരം ഓർത്തെടുത്തു. "വേർപിരിയുന്ന സമയത്ത് സങ്കടമൊന്നും തോന്നിയില്ല. ഞങ്ങൾ ഒരുമിച്ച് ഒരു ഗുലാബ് ജാം കഴിച്ചാണ് പിരിഞ്ഞത്. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അടുത്തിടെയും അദ്ദേഹത്തെ കണ്ടിരുന്നു," ലെന പറഞ്ഞു.

സ്ത്രീകൾ വേഗത്തിൽ പക്വതയുണ്ടാകും എന്നാൽ പുരുഷന്മാർ പലപ്പോഴും കൗമാരക്കാരുടെ മനോഭാവത്തോടെ വിനോദങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ലെന പറഞ്ഞു. ഈ സ്വഭാവ വ്യത്യാസങ്ങൾ ദാമ്പത്യത്തെ ബാധിച്ചിരുന്നു. വിവാഹമോചനത്തിന് ശേഷം താൻ കൂടുതൽ സ്വയംപര്യാപ്തയായെന്നും ജീവിതം പുതിയ രീതിയിൽ പ്ലാൻ ചെയ്തു തുടങ്ങിയെന്നും താരം കൂട്ടിച്ചേർത്തു.