കൊച്ചി: താൻ കുട്ടികൾ വേണ്ടെന്ന് ചെറുപ്പത്തിലേ തീരുമാനിച്ചയാളാണെന്നും, പേരന്റിംഗ് എന്നത് പ്ലാൻ ചെയ്ത് മാത്രം ചെയ്യേണ്ട കാര്യമാണെന്നും നടി ലെന. തന്റെ ഏറ്റവും പുതിയ ചിത്രമായ 'വലതുവശത്തെ കള്ളൻ' എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് ലെന ഇക്കാര്യങ്ങൾ പങ്കുവെച്ചത്. വിവാഹം കഴിഞ്ഞാൽ സ്വാഭാവികമായി കുട്ടികൾ ഉണ്ടാകുമെന്നും അവർ തനിയെ വളർന്നോളുമെന്നും കരുതുന്നത് ശരിയല്ലെന്നും ലെന അഭിപ്രായപ്പെട്ടു

കുട്ടികളുണ്ടാകുന്നതിന് മുൻപേ അവരെ എങ്ങനെ വളർത്തണം എന്നതിനെക്കുറിച്ച് വ്യക്തമായ ആസൂത്രണം വേണം. അതിന്റെ ഉത്തരവാദിത്തം മാതാപിതാക്കൾ ഗൗരവത്തോടെ എടുക്കണമെന്നും അവർ ഊന്നിപ്പറഞ്ഞു. കുട്ടികൾ വേണ്ടെന്ന തന്റെ തീരുമാനത്തിന് കാരണം, തനിക്ക് നല്ലൊരു രക്ഷിതാവാകാൻ സാധിക്കില്ല എന്ന തോന്നലായിരുന്നുവെന്ന് ലെന വെളിപ്പെടുത്തി. ആദ്യം താൻ കൂടുതൽ പക്വത നേടണമെന്ന് ആഗ്രഹിച്ചു. സ്വന്തം മാതാപിതാക്കൾ തന്നെ വളർത്തിയതിനെക്കുറിച്ചും ലെന സംസാരിച്ചു.

തന്നെ കുറേക്കൂടി ശ്രദ്ധിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും, സ്വാതന്ത്ര്യത്തിന് വേണ്ടി താൻ ഏറെ പോരാടിയ കുട്ടിയായിരുന്നുവെന്നും ലെന പറഞ്ഞു. എല്ലാം തനിയെ ചെയ്യുന്നതിനാൽ രക്ഷിതാക്കൾ തന്നെ ഒറ്റയ്ക്ക് വിട്ടുവെന്നും, എന്നാൽ പിന്നീട് അത് തനിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല എന്ന പരാതിയായി മാറിയെന്നും അവർ കൂട്ടിച്ചേർത്തു. മാതാപിതാക്കളുടെ ശ്രദ്ധ കുട്ടികളുടെ മാനസിക വളർച്ചയിൽ നിർണ്ണായകമാണെന്നും, രണ്ട് രക്ഷിതാക്കളും കരിയറിന് പിന്നാലെ പോകുമ്പോൾ കുട്ടികളെ ആര് ശ്രദ്ധിക്കുമെന്ന ചോദ്യം പ്രസക്തമാണെന്നും ലെന ചൂണ്ടിക്കാട്ടി.