ശബരിമല: വിജയ് ചിത്രം ലിയോയുടെ ഗംഭീര വിജയത്തിനായി ശബരിമല ദർശനം നടത്തി തിരക്കഥാകൃത്ത് രത്നകുമാർ. വ്രതമെടുത്ത് മാലയിട്ട് സന്നിധാനത്ത് ദർശനം നടത്തുന്ന ചിത്രങ്ങൾ രത്ന കുമാർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

ലോകേഷിന്റെ മുൻ സിനിമകളായ മാസ്റ്റർ,വിക്രം തുടങ്ങിയ സിനിമകൾക്കായി സംഭാഷണം ഒരുക്കിയ രത്നകുമാർ ലിയോയുടെ സഹതിരക്കഥാകൃത്ത് കൂടിയാണ്. അമലാ പോൾ നായികയായെത്തിയ ആടൈ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. രത്നകുമാറിന്റെ പോസ്റ്റിന് സംവിധായകൻ ലോകേഷ് ലൈക്ക്‌ െചയ്തിട്ടുണ്ട്.

ഒക്ടോബർ 19നാണ് ലിയോ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തുവരുന്ന ലിയോയുടെ പോസ്റ്ററുകൾ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയർത്തി കഴിഞ്ഞു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമ്മിക്കുന്നത്.ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. അനിരുദ്ധ് ആണ് സംഗീതം ചെയ്യുന്നത്.

വിജയ്ക്കൊപ്പം ബോളിവുഡ് താരം സഞ്ജയ് ദത്ത് വില്ലൻ വേഷത്തിലെത്തുന്ന ലിയോയിൽ തൃഷയാണ് നായിക. അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.