ചെന്നൈ: ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിൽ എത്തുന്ന ' ലിയോ' യുടെ ഹിന്ദി പോസ്റ്റർ പുറത്തുവിട്ട് ആരാധകർ. സഞ്ജയ് ദത്തിനൊപ്പമുള്ള വിജയ് ആണ് പോസ്റ്ററിലുള്ളത്. ഇതിനു മുമ്പ് പുറത്തുവിട്ട ചിത്രത്തിന്റെ തെലുങ്ക്, കന്നഡ, തമിഴ് പോസ്റ്ററുകൾക്ക് ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

'ഡെവിൾ' എന്ന വിശേഷണത്തോടെ കൊടൂര വില്ലനായാണ് സഞ്ജയ് ദത്തിനെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. 'കീപ്പ് കാം ആൻഡ് ഫേസ് ദി ഡെവിൾ' എന്നാണ് ടാഗ് ലൈൻ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് ലളിത് കുമാർ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദ്രർ ആണ് സംഗീതം ഒരുക്കുന്നത്.

വിജയ്യ്‌ക്കൊപ്പം തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി ഇന്ത്യൻ സിനിമയിലെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.