- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിധി നേരത്തെ പ്രതീക്ഷിച്ചിരുന്നത്'; നല്ലൊരു വക്കീലിനെ കൊണ്ടുവരാൻ പലപ്രാവശ്യം ആവശ്യപ്പെട്ടു'; നടിക്ക് വേണ്ടി ദിലീപിനെ വെറുപ്പിച്ചു; ജഡ്ജി വിചാരിച്ചാൽ ആരും രക്ഷപ്പെടുമെന്നും ലിബർട്ടി ബഷീർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കി വിധി വന്നതിന് പിന്നാലെ, നിർമ്മാതാവും തിയേറ്റർ ഉടമകളുടെ മുൻ സംഘടനാ നേതാവുമായ ലിബർട്ടി ബഷീർ പ്രതികരണവുമായി രംഗത്ത്. ഈ വിധി നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണെന്നും, ഇതിന് കാരണം കേസ് കൈകാര്യം ചെയ്ത പ്രോസിക്യൂഷൻ്റെ ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം തുറന്നടിച്ചു. കേസിൽ നീതി ലഭിക്കാത്തതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം പ്രോസിക്യൂഷനാണെന്ന് ബഷീർ മനോരമ ന്യൂസിനോട് പറഞ്ഞു.
വിചാരണാ കോടതിയുടെ വിധി ഇങ്ങനെ വരുമെന്ന് താൻ മുൻപേ പ്രതീക്ഷിച്ചിരുന്നുവെന്ന് ലിബർട്ടി ബഷീർ വ്യക്തമാക്കി. കേസിൻ്റെ വിചാരണ ആരംഭിച്ചതു മുതൽ ജഡ്ജി 'ഒരു സൈഡ്' നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. വിചാരണാ വേളയിൽ നടിക്കുണ്ടായ തിക്താനുഭവങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞതാണെന്നും, വിചാരണാ കോടതിയിലെ നടപടികൾ പക്ഷപാതപരമായിരുന്നുവെന്നും ബഷീർ വിമർശിച്ചു. "രക്ഷപ്പെടുത്തണം എന്നുള്ള ഒരു ചിന്ത ജഡ്ജി വിചാരിച്ചാൽ കേസിൽ പെട്ട കുറ്റാരോപിത ആരായാലും രക്ഷപ്പെടുത്താൻ കഴിയും," അദ്ദേഹം അഭിപ്രായപ്പെട്ടു.
കേസിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതാണ് വിധിക്ക് പിന്നിലെ പ്രധാന കാരണം എന്ന് ബഷീർ ആവർത്തിച്ചു. "ഈ കുട്ടിയോട് ഞാൻ പലപ്രാവശ്യം നേരിട്ട് ആവശ്യപ്പെട്ടതാണ് സ്വന്തമായിട്ട് ഒരു വക്കീലിനെ വെക്കാൻ വേണ്ടിയിട്ട്. ഒരു പബ്ലിക് പ്രോസിക്യൂട്ടർക്ക് പകരം സ്വന്തമായിട്ട് ഏത് പ്രതിക്കും വക്കീലിനെ വയ്ക്കാനുള്ള അവകാശം ഇന്ത്യൻ നിയമത്തിലുണ്ട്," അദ്ദേഹം പറഞ്ഞു.
നല്ലൊരു വക്കീലിനെ സുപ്രീം കോടതിയിൽ നിന്ന് കൊണ്ടുവന്നിട്ട് കേസ് നടത്താൻ താൻ പലപ്രാവശ്യം ആവശ്യപ്പെടുകയും, അതിനുള്ള പൈസ വരെ താൻ കൊടുക്കാമെന്ന് പറയുകയും ചെയ്‌തെങ്കിലും നടി തൻ്റെ ഉപദേശം അനുസരിച്ചില്ലെന്നും ബഷീർ ആരോപിച്ചു. "ദിലീപിനെ സംബന്ധിച്ച് ദിലീപ് പ്രഗൽഭന്മാരായ വക്കീൽമാരെ കൊണ്ടുവന്നു. ഡൽഹിയിൽ നിന്നും സുപ്രീം കോടതിയിൽ ഹാജരാകുന്ന വക്കീലുമാരെയും, കേരളത്തിൽ തന്നെയുള്ള പ്രഗൽഭ വക്കീലുമാരെയും കൊണ്ടുവന്നു. ഇവളൊന്നും പൈസ ചിലവാക്കിയിട്ടുമില്ല, നല്ല നല്ല വക്കീലുമാരെ കൊണ്ടുവന്നിട്ടുമില്ല, ആരും പറയുന്നത് കേട്ടിട്ടുമില്ല," അദ്ദേഹം പറഞ്ഞു.
ദിലീപ് തൻ്റെ സുഹൃത്തായിരുന്നിട്ടും, സത്യം തിരിച്ചറിഞ്ഞപ്പോൾ താൻ നടിക്കൊപ്പം ഉറച്ചുനിന്നു എന്ന് ലിബർട്ടി ബഷീർ വ്യക്തമാക്കി. "ദിലീപ് എൻ്റെ സ്നേഹിതനാണ്, ആ കുട്ടിയും എൻ്റെ ഫ്രണ്ടാണ്. അപ്പൊ ദിലീപിനെ കൂടി വെറുപ്പിച്ചാണ് അതിജീവിതയ്ക്ക് വേണ്ടി വാദിച്ചത്. പക്ഷേ ഇവള്‍ നിന്നില്ല അങ്ങോട്ട്. ഇത് പ്രോസിക്യൂഷൻ പരാജയം തന്നെയാണ്." മാനസികമായി താൻ ആ കേസ് നേരത്തെ തന്നെ ഒഴിവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാക്ഷികൾ കൂറുമാറിയതുകൊണ്ട് മാത്രം ഗൂഢാലോചന തെളിയിക്കപ്പെടാതെ പോകുന്നില്ലെന്നും, മഞ്ജു വാര്യരുടെ മൊഴി ഉൾപ്പെടെ നടിക്കു അനുകൂലമായി പറഞ്ഞ പല സാക്ഷികളുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പുറത്താക്കിയ സംഘടനകളിൽ തിരികെ പ്രവേശിക്കാൻ ദിലീപിന് അവകാശമുണ്ടെന്നും, ദിലീപ് അപേക്ഷ കൊടുത്താൽ തീർച്ചയായിട്ടും എടുക്കുമെന്നും ലിബർട്ടി ബഷീർ പറഞ്ഞു. "ദിലീപ് അത്രയും വാശിക്കാരനാണ്. അതിലൊന്നും ഒരു സംശയവുമില്ലാത്ത കാര്യമാണ്," അദ്ദേഹം വ്യക്തമാക്കി.
'അമ്മ' എന്ന സിനിമാ സംഘടന അന്നും ഇന്നും നടിയുടെ കൂടെ ഉണ്ടായിട്ടില്ലെന്നും, ഉണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം അനുവദിക്കുന്നതുകൊണ്ട് ദിലീപ് മെമ്പർഷിപ്പ് പുതുക്കി എടുക്കുകയും ചെയ്യുമെന്നും ബഷീർ അഭിപ്രായപ്പെട്ടു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീൽ പോയാൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം എന്നും വിചാരണാ കോടതിയിലെ പോലെയായിരിക്കില്ല കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.




