ചെന്നൈ: രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് കൂലി. ആരാധകർ വലിയ പ്രതീക്ഷയിലാണ് ഈ ചിത്രത്തിൽ. സിനിമയിൽ ചിത്രകീകരണത്തിന് മുന്നോടിയായി ലോകേഷ് ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തി. ലോകേഷിനൊപ്പം എഴുത്തുകാരനും നിർമ്മാതാവുമായ രത്നകുമാറും ലിയോയുടെ സഹ-എഴുത്തുകാരനും ഉണ്ടായിരുന്നു. ലോകേഷിനൊപ്പം ശബരിമലയിൽ ദർശനം നടത്തിയതിന്റെ ചിത്രം രത്‌നകുമാറാണ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

ജൂണിൽ ചെന്നൈയിൽ വച്ച് കൂലിയുടെ ഷൂട്ടിങ് തുടങ്ങുമെന്നാണ് വിവരം. രജിനികാന്തിന്റെ 171-ാമത്തെ ചിത്രം കൂടിയാണ് കൂലി. സൺപിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിൽ ഒരു കള്ളക്കടത്തുകാരനായാണ് രജിനിയെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കുന്നത്.

പീരിയോഡിക് ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന കൂലി ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമല്ലെന്നാണ് വിവരം. 2025 ൽ ചിത്രം റിലീസിനെത്തുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.

വിജയ് നായകനായെത്തിയ ലിയോയാണ് ലോകേഷിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. കൂലിക്ക് ശേഷം കൈതി 2 ന് വേണ്ടി കാർത്തിയുമായി കൈകോർക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്തിടെ ശ്രുതി ഹാസനൊപ്പം ഇനിമേൽ എന്ന സംഗീത ആൽബത്തിലും ലോകേഷ് അഭിനയിച്ചിരുന്നു.