ചെന്നൈ: രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. തലൈവർ 171 എന്നാണ് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രം മാസ്സ് ഓഡിയൻസിലെ ലക്ഷ്യമാക്കി തന്നെയാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ ഒരുങ്ങുന്നതെന്നാണ് വിവരം.

ഏപ്രിൽ 22 ന് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിടും. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനി- ലോകേഷ് ചിത്രമാണ് ഇത്. സിനിമയിൽ രജനിയുടെ വില്ലനാകുന്നത് ബോളിവുഡ് സൂപ്പർ താരമാണെന്ന് റിപ്പോർട്ട്. നടൻ രൺബീർ സിങ്ങിന്റെ പേരാണ് പ്രചരിക്കുന്നത്. രൺബീറുമായി സംവിധായകൻ ലോകേഷ് ചർച്ച നടത്തിയെന്നാണ് സൂചന.

എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ലോകേഷ് കനകരാജിന്റെ കഴിഞ്ഞ ചിത്രമായ ലിയോയിൽ ബോളിവുഡ് നടൻ സഞ്ജയ് ദത്ത് ആയിരുന്നു വില്ലൻ. ഈ വർഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. രജനിക്കൊപ്പം നടൻ ശിവകാർത്തികേയനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ആക്ഷൻ കൊറിയോഗ്രഫി ഒരുക്കുന്നത് അൻപറിവ് മാസ്റ്റേഴ്‌സ് ആണ്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.

നിലവിൽ ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയൻ എന്ന ചിത്രത്തിലാണ് രജനി അഭിനയിക്കുന്നത്. ഫഹദ് ഫാസിലും, മഞ്ജു വാര്യരും അമിതാഭ് ബച്ചനും ചിത്രത്തിന്റെ ഭാഗമാണ്. ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷം ലോകേഷ് ചിത്രം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.