- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരേയൊരു രാജാവ്'; 'സ്റ്റീഫന്‍ നെടുമ്പള്ളി' വീണ്ടുമെത്തുന്നു; ആരാധകരെ ആവേശത്തിലാഴ്ത്തി ലൂസിഫറിന്റെ റീ റിലീസ്; ട്രെയ്ലർ പുറത്ത്
കൊച്ചി: മോഹന്‍ലാല്‍ ആരാധകരെയും സിനിമാ പ്രേക്ഷകരെയും ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ റിലീസ്. എന്നാൽ എമ്പുരാൻ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്നതിന് മുൻപ് ആദ്യ ഭാഗമായ ലൂസിഫർ റീ റിലീസിനൊരുങ്ങുകയാണ്. മാര്‍ച്ച് 20 നാണ് ലൂസിഫര്‍ റീ റിലീസിനെത്തുന്നത്. എമ്പുരാൻ റിലീസ് ചെയ്യുന്നതിന് ഒരാഴ്ച മുൻപാണ് ലൂസിഫർ ഒരിക്കൽ കൂടി തീയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ റീ റിലീസിനോടനുബന്ധിച്ച് ലൂസിഫറിന്‍റെ ട്രെയ്ലറും പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍.
റീ റിലീസിനോട് അനുബന്ധിച്ച് പുതിയ ട്രെയ്‌ലര്‍ കട്ട് ആണ് പുറത്തിറക്കിയിരിക്കുന്നത്. 2.01 മിനിറ്റ് ആണ് പുറത്തെത്തിയ ട്രെയ്‌ലറിന്റെ ദൈര്‍ഘ്യം. മലയാളത്തിലെ വലിയ സാമ്പത്തിക വിജയങ്ങളിലൊന്നാണ് ലൂസിഫര്‍. സംവിധായകനെന്ന നിലയില്‍ ഈ അരങ്ങേറ്റ ചിത്രം കൊണ്ടുതന്നെ പൃഥ്വിരാജ് മേല്‍വിലാസവും ഉണ്ടാക്കി. മലയാളത്തില്‍ സമീപകാലത്ത് പല റീ റിലീസുകളും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു സീക്വലിന് മുന്‍പ് ഇത്തരത്തിലൊരു റീ റിലീസ് സംഭവിക്കുന്നത് ആദ്യമായാണ്. ഇന്ത്യയ്ക്ക് പുറത്ത് വിദേശ മാര്‍ക്കറ്റുകളിലും റീ റിലീസ് ഉണ്ട്.
അതേസമയം എമ്പുരാന്‍റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ മാര്‍ച്ച് 27 ന് പുലര്‍ച്ചെ 6 മണിക്ക് ആണ്. നിലവില്‍ മൂന്ന് നിര്‍മ്മാതാക്കളാണ് ചിത്രത്തിന്. ആശിര്‍വാദ് സിനിമാസിനും ലൈക്ക പ്രൊഡക്ഷന്‍സിനുമൊപ്പം ശ്രീ ഗോകുലം മൂവീസ് കൂടി എത്തിയതോടെയാണ് റിലീസ് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ മാറിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എമ്പുരാന്‍ 27 ന് എത്തും.