കൊച്ചി: മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള നടൻ ടിനി ടോമിന്റെ പരാമർശത്തിൽ പ്രതികരിച്ച് സംവിധായകൻ എം എ നിഷാദ്. ഒരു താരം ലഹരി ഉപയോഗിച്ചു പല്ലു പൊടിഞ്ഞു തുടങ്ങിയെന്നാണ് നടൻ വെളിപ്പെടുത്തിയത്. ഈ പശ്ചാത്തലത്തിലാണ് എം എ നിഷാദ് ഇതേക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തുവന്നത്.

ടിനി ടോം സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്നും ലഹരി ഉപയോഗിക്കുന്നവരുടെ പേരുകളും തെളിവുകളും പുറത്ത് വിടണമെന്നും നിഷാദ് പറഞ്ഞു. സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഒരു പ്രമുഖ നടന്റെ പല്ല് പൊടിഞ്ഞു പോകുന്നുണ്ടെന്നുമായിരുന്നു ടിനി ടോമിന്റെ ആരോപണം. പരാമർശം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് നിഷാദ് രംഗത്തെത്തുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് എംഎ നിഷാദ് പ്രതികരിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

'ടിനി ടോം എന്ന നടൻ, കുടത്തിൽ നിന്നും ഒരു ഭൂതത്തെ തുറന്നു വിട്ടു. തീർച്ചയായും അതൊരു ചർച്ചാ വിഷയം തന്നെ. ഇനി ടിനി ടോം, സാമൂഹിക പ്രതിബദ്ധത കാണിക്കണം. അയാൾ പറഞ്ഞത് ശരിയാണെന്ന ഉത്തമ ബോധ്യം അയാൾക്കുണ്ടല്ലോ. അതു കൊണ്ടാണ് അയാൾ പരസ്യമായി വിളിച്ച് പറഞ്ഞത്. ടിനി, താങ്കൾ പറഞ്ഞ പേരുകളും തെളിവുകളും പുറത്ത് വിടണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് അവതരിപ്പിക്കണം. വെറും അമ്മായി കളി കളിക്കരുത്. കൈയടിക്ക് വേണ്ടി പറഞ്ഞതല്ല എന്ന് വിശ്വസിക്കട്ടെ. #comeontinitom, സുഹൃത്തുക്കളെ, നമ്മൾ ടിനി ടോമിന് ധൈര്യം കൊടുക്കണം. ആ പേരുകൾ പുറത്ത് പറയാൻ നമ്മുക്ക് #comeontinitom എന്ന ഹാഷ് ടാഗിന് തുടക്കം കുറിക്കാം', എം എ നിഷാദ് കുറിച്ചു.

കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിൽ വച്ചായിരുന്നു ടിനി ടോമിന്റെ വെളിപ്പെടുത്തൽ. തന്റെ മകന് സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ അഭിനയിക്കാൻ മകനെ വിടില്ലെന്നാണ് പങ്കാളി പറഞ്ഞത്. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയുള്ളിനാലാണ് ഇത് എന്നായിരുന്നു ടിനി പറഞ്ഞത്.'16-18 വയസിലാണ് കുട്ടികൾ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളു. ലഹരിക്ക് അടിമയായ ഒരു നടനെ ഈയടുത്ത് കാണാനിടയായി.

അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നു. ലഹരി ഉപയോഗിക്കുമ്പോൾ നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോൾ പല്ല് പൊടിയുന്നു, നാളെ എല്ലു പൊടിഞ്ഞു തുടങ്ങും. നമ്മുടെ ലഹരി കലയാകണം.' ടിനി ടോം വ്യക്തമാക്കി. ലഹരിക്കെതിരായ പൊലീസിന്റെ 'യോദ്ധാവ്' ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.