ചെന്നൈ: ബോക്സ് ഓഫീസിൽ തരംഗമായ ‘ധുരന്ധർ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ വൈകാരിക നിമിഷങ്ങൾ പങ്കുവെച്ച് നടൻ ആർ. മാധവൻ. 26/11 മുംബൈ ഭീകരാക്രമണത്തെ പുനരാവിഷ്കരിക്കുന്ന രംഗം ചിത്രീകരിച്ച ശേഷം നടന്മാരായ അക്ഷയ് ഖന്നയും അർജുൻ രാംപാലും മാനസികമായി തകർന്നുപോയെന്നും സെറ്റിൽ നിയന്ത്രണം വിട്ടു കരഞ്ഞെന്നുമാണ് മാധവന്റെ വെളിപ്പെടുത്തൽ.

ആ ഭീകരാക്രമണ രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ സെറ്റ് മുഴുവൻ നിശബ്ദമായിപ്പോയെന്ന് മാധവൻ ഓർക്കുന്നു. "ഷോട്ട് കഴിഞ്ഞിട്ടും അക്ഷയ്ക്കും അർജുനും സാധാരണ നിലയിലേക്ക് വരാനായില്ല. തങ്ങൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഗൗരവവും ആ സംഭവത്തിന്റെ ആഘാതവും എത്രത്തോളമാണെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്," മാധവൻ പറഞ്ഞു.

ആദിത്യ ധർ സംവിധാനം ചെയ്ത് 2025 ഡിസംബറിൽ പുറത്തിറങ്ങിയ ‘ധുരന്ധർ’, പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് പറഞ്ഞത്. രൺവീർ സിംഗ് നായകനായ ചിത്രം മൂന്നര മണിക്കൂർ ദൈർഘ്യമുണ്ടായിട്ടും ഒട്ടും ലാഗില്ലാതെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തി. 1300 കോടിയിലധികം രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത്.

ആദ്യ ഭാഗം ഹിന്ദിയിൽ മാത്രമാണ് റിലീസ് ചെയ്തതെങ്കിൽ, വൻ പ്രേക്ഷക പിന്തുണ കണക്കിലെടുത്ത് രണ്ടാം ഭാഗം പാൻ ഇന്ത്യ റിലീസായിട്ടാണ് എത്തുന്നത്. മാർച്ച് 19-ന് മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ചിത്രം തിയേറ്ററുകളിലെത്തും. സഞ്ജയ് ദത്ത്, രൺവീർ സിംഗ് തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ടീസറിന് ഇതിനോധകം തന്നെ വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.