കൊച്ചി: ഒരുകാലത്ത്് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് സിൽക്ക് സ്മിത. 80 കളിലേയും 90 കളിലേയും യുവാക്കളുടെ ഹരമായി മാറിയ സിൽക്ക് സ്മിതയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചു മധുപാൽ കഴിഞ്ഞ ദിവസം രംഗത്തെത്തി. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്ന സ്ത്രീയായിരുന്നു സിൽക്ക് സ്മിതയെന്നാണ് മധുപാൽ പറഞ്ഞത്. വിവാഹം, കുടുംബം, കുട്ടികൾ എന്നിവയെക്കുറിച്ചെല്ലാം അവർക്ക് ആഗ്രഹങ്ങൾ ഉണ്ടായിരുന്നുവെന്നും മധുപാൽ ഒരു അഭിമുകത്തിൽ പറഞ്ഞു.

ഒരു വല്ലാത്ത ജീവിതം ജീവിച്ച സ്ത്രീയായിരുന്നു അവർ. കൊച്ചുകുട്ടിയെപ്പോലെ വിവാഹത്തെക്കുറിച്ച്, സിനിമയെക്കുറിച്ച് മക്കളെ കുറിച്ച് ഒക്കെ സ്വപ്നം കണ്ട സ്ത്രീയായിരുന്നു. അതെല്ലാം എന്നോട് പറയുകയും ചെയ്യുമായിരുന്നു. അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിനിമയിലെങ്കിലും അവരെ ഒരാൾ വിവാഹം ചെയ്യണമെന്ന്. എന്റെ ജീവത്തിൽ ഒരുപക്ഷേ, അതുണ്ടാവില്ലായിരിക്കും. തികച്ചും സാധാരണക്കാരിയായ സ്ത്രീ. ശരീരം ഉപയോഗിച്ച് ഏറ്റവും കൂടുതൽ കാശ് വാങ്ങിക്കുന്ന സ്ത്രീയായി മാറിയപ്പോഴും അവരിൽ ഒരമ്മ ഉണ്ടായിരുന്നു. അവരുടെ പെരുമാറ്റത്തിലൊക്കെ മനസിലാവാൻ കഴിഞ്ഞത് അവരിൽ ഒരമ്മയെ കണ്ടിരുന്നു.

സിൽക്ക് സ്മിത നൂറ് ശതമാനം ജെനുവിനായിട്ടുള്ള സ്ത്രീയാണ്. ഞാൻ വളരെ ആദരവോടെയും ബഹുമാനത്തോടെയാണ് ഓർക്കുന്നത്. വ്യക്തിപരമായ കാര്യങ്ങൾ ഒരുപാട് കാര്യങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്. ഒരു വല്ലാത്ത ജീവിതം ജീവിച്ച സ്ത്രീയാണ്. ഒരുപാട് ആഹ്രങ്ങൾ ഉണ്ടായിരുന്ന സ്ത്രീയായിരുന്നു. ഒരുപാട് സ്വപ്നം കണ്ടിട്ടുള്ള സ്ത്രീയായിരുന്നു അവർ.

ശരീരം മുഴുവൻ മേക്കപ്പിട്ടാണ് അവർ വരുന്നത് തന്നെ. അവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിനിമയിലെങ്കിലും ഒരാൾ അവരെ വിവാഹം കഴിക്കുന്ന സീൻ വേണമെന്നത്. പള്ളിവാതുക്കൽ തൊമ്മിച്ചൻ എന്ന സിനിമയിലാണ് അങ്ങനെയൊരു സീൻ ഉണ്ടായത്. സീൻ കഴിഞ്ഞ് പോയപ്പോൾ അവർ എന്നോട് താങ്ക്സ് പറഞ്ഞു. വ്യക്തിപരമായി സിൽക്ക് സ്മിത ഒരുപാട് കാര്യങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്. അവരുടെ സ്വകാര്യത എന്നോട് മാത്രമായി പറഞ്ഞതാണ്. അവർ ഉണ്ടായിരുന്നെങ്കിൽ ഞാനെന്തായാലും പറയില്ല. ഇല്ലാത്തതുകൊണ്ട് അതെങ്ങനെ പറയും. അന്ന് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശരിയല്ലെന്ന് തന്നെയാണ് വിശ്വാസം.

അവരുടെ മരണത്തെക്കുറിച്ച് ചികഞ്ഞു പോകുമ്പോൾ നമുക്ക് അപരിചിതമായ കാര്യങ്ങളാവും അറിയാനും കേൾക്കേണ്ടി വരിക. എനിക്കറിയാവുന്ന സിൽക്ക് സ്മിതയെന്ന് പറയുന്നത് എന്റെ കൂടെ കുറച്ചു നാൾ അഭിനയിച്ച ഒരു സ്ത്രീയാണ്. ആ സിനിമയുടെ ഷൂട്ട് കഴിഞ്ഞ് അവരെ ഞാൻ കണ്ടിട്ടില്ല. ആ സിനിമയുടെ റിലീസ് കഴിഞ്ഞ് അഞ്ചോ ആറോ മാസം കഴിഞ്ഞ് അവർ മരിക്കുകയും ചെയ്തിട്ടുണ്ട്. - മധുപാൽ പറഞ്ഞു.