ചെന്നൈ: തമിഴ് നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖർ കഴിഞ്ഞ ദിവസമാണ് തട്ടിപ്പുകേസിൽ അറസ്റ്റിലായത്. ഇപ്പോൾ അതിൽ പ്രതികരണവുമായി രവീന്ദറിന്റെ ഭാര്യയും നടിയുമായ മഹാലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പമായിരുന്നു കുറിപ്പ്. ഇതും കടന്നുപോകും എന്നായിരുന്നു മഹാലക്ഷ്മി കുറിച്ചത്. നിരവധി പേരാണ് മഹാലക്ഷ്മിക്ക് പിന്തുണയുമായി കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

വ്യവസായിയെ പറ്റിച്ച് 16 കോടി തട്ടിയെടുത്തെന്ന കേസിലാണ് രവീന്ദറിനെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശിയായ ബാലാജിയാണ് പരാതിക്കാരൻ. മാലിന്യത്തെ ഊർജമാക്കി മാറ്റുന്ന ഒരു പദ്ധതിയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത് എന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയിൽ പറയുന്നത്. ലിബ്ര പ്രൊഡക്ഷൻസ് എന്ന ബാനറിൽ രവീന്ദർ ചന്ദ്രശേഖരൻ നിരവധി സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.

വിവാഹത്തിനു പിന്നാലെ രവീന്ദറും മഹാലക്ഷ്മിയും വാർത്തകളിൽ നിറഞ്ഞിരുന്നു. രവീന്ദർ ധനികൻ ആയതുകൊണ്ടാണ് മഹാലക്ഷ്മി ഇദ്ദേഹത്തെ വിവാഹം കഴിച്ചതെന്നായിരുന്നു ആരോപണം. ഇരുവരും വേർപിരിഞ്ഞുവെന്നും പ്രചാരമുണ്ടായിരുന്നു. എന്നാൽ ഒന്നാം വിവാഹ വാർഷികത്തിൽ എല്ലാ ആരോപണങ്ങൾക്കും ദമ്പതികൾ മറുപടി നൽകുകയായിരുന്നു.