ഹൈദരാബാദ്: മമിത ബൈജു, നസ്ലിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗീരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലുവിനെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ച് തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു. അടുത്ത കാലത്തൊന്നും ഇതുപോലെ ചിരിച്ച സിനിമയില്ലെന്നും തനിക്കു കുടുംബത്തിനും ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടെന്നും സിനിമ കണ്ടതിന് ശേഷം മഹേഷ്ബാബു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.

'പ്രേമലുവിനെ തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തിച്ചതിന് കാർത്തികേയക്ക് നന്ദി. ചിത്രം നന്നായി ആസ്വദിച്ചു. ഈ അടുത്ത കാലത്തൊന്നു ഒരു സിനിമ കണ്ട് ഇതുപോലെ ചിരിച്ചതായി എനിക്ക് ഓർമയില്ല. മുഴുവൻ കുടുംബാംഗങ്ങൾക്കും ചിത്രം ഇഷ്ടമായി.യങ്സ്റ്റേഴ്സിന്റെ അഭിനയം ഗംഭീരം. ചിത്രത്തിന്റെ മുഴുവൻ അണിയപ്രവർത്തകർക്കും അഭിനന്ദനങ്ങൾ'- മഹേഷ് ബാബു എക്സിൽ കുറിച്ചു.

ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ രാജമൗലി എത്തിയിരുന്നു. ഒരു മുഴുനീള ചിരിയുത്സവമെന്നാണ് പ്രേമലുവിനെ വിശേഷിപ്പിച്ചത്. 'കാർത്തികേയ തെലുങ്കിൽ പ്രേമലു ചെയ്തതിൽ വളരെ സന്തോഷമുണ്ട്. മുഴുനീള ചിരിയുത്സവമാണത്. യുവതയുടെ ഭാഷയെ പൂർണമായി പകർത്തുന്നതിൽ എഴുത്തുകാരൻ മികച്ചുനിന്നു. ട്രെയിലർ കണ്ടപ്പോൾ തന്നെ റീനു എന്ന പെൺകുട്ടിയെ ഇഷ്ടപ്പെട്ടു. സിനിമയിലെ സച്ചിൻ എന്ന പയ്യനും പ്രിയങ്കരനാണ്. എന്നാൽ, എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ആദിയെയാണ്. ജെ.കെ...ജസ്റ്റ് കിഡ്ഡിങ്' -എന്നിങ്ങനെയായിരുന്നു രാജമൗലിയുടെ വാക്കുകൾ.

നസ്ലിൻ, മമിത എന്നിവരെ കൂടാതെ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.

ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തിയ പ്രേമലു ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. 31 ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. കേരളത്തിൽ 50 കോടി നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.