പ്രശസ്ത ഛായാഗ്രാഹകൻ കെ.യു. മോഹനന്റെ മകൾ എന്ന ലേബലിലല്ല, മറിച്ച് സ്വന്തം കഠിനാധ്വാനം കൊണ്ടാണ് താൻ സിനിമയിൽ ഇടംപിടിച്ചതെന്ന് തുറന്നുപറഞ്ഞ് നടി മാളവിക മോഹനൻ. താനൊരു 'സ്റ്റാർ കിഡ്' ആണെന്ന പൊതുധാരണ തിരുത്തിക്കൊണ്ട് ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

സിനിമാ പശ്ചാത്തലമുള്ള കുടുംബമാണെങ്കിലും തന്റെ വളർച്ച സിനിമാ ലോകത്ത് നിന്നെല്ലാം വളരെ അകലെയായിരുന്നുവെന്ന് മാളവിക വ്യക്തമാക്കുന്നു. അച്ഛൻ ഒരു കലാകാരൻ എന്ന നിലയിൽ സിനിമാട്ടോഗ്രാഫിയെ പ്രണയിച്ച് ജോലി ചെയ്തിരുന്നുവെങ്കിലും അത് തങ്ങളുടെ കുടുംബജീവിതത്തെ ബാധിച്ചിരുന്നില്ല. മൂന്നോ നാലോ തവണ മാത്രമാണ് താൻ അച്ഛന്റെ ഷൂട്ടിംഗ് സെറ്റുകൾ സന്ദർശിച്ചിട്ടുള്ളതെന്നും താരം വെളിപ്പെടുത്തി.

"ആളുകൾ കരുതുന്നത് ഞാൻ ചെറുപ്പം മുതലേ ഇൻഡസ്ട്രിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നാണ്. എന്നാൽ സത്യം അതല്ല. വളർന്നുവരുമ്പോൾ സിനിമാക്കാരുമായി ഇടപഴകാൻ എനിക്ക് അവസരങ്ങൾ ഉണ്ടായിട്ടില്ല. അച്ഛൻ ഉപജീവനത്തിനായാണ് ജോലി ചെയ്തിരുന്നത്. ഒരു സ്റ്റാർ കിഡ് ആയിരിക്കുന്ന അവസ്ഥയുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല," മാളവിക പറഞ്ഞു. അഭിനയത്തിലേക്കല്ല, മറിച്ച് ഡോക്യുമെന്ററി ഫിലിം മേക്കിംഗിലേക്കായിരുന്നു തന്റെ ആദ്യകാല താൽപ്പര്യമെന്നും താരം കൂട്ടിച്ചേർത്തു.

ദുൽഖർ സൽമാൻ നായകനായ 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം സജീവമായി. സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ 'ഹൃദയപൂർവ്വം', പ്രഭാസിനൊപ്പമുള്ള 'രാജാ സാബ്' എന്നിവ മാളവികയുടെ കരിയറിലെ ശ്രദ്ധേയമായ പ്രോജക്റ്റുകളാണ്.