കൊച്ചി: സിനിമ നിർത്തുകയാണെന്ന് പ്രഖ്യാപിച്ച് യുവ സംവിധായകൻ സഞ്ജിത്ത് ചന്ദ്രസേനൻ. രണ്ട് സിനിമകൾ ചിത്രീകരണം പൂർത്തിയാക്കി പെട്ടിയിലിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എടുക്കുന്നതെന്നാണ് സഞ്ജിത്ത് വ്യക്തമാക്കിയത്. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്. മാനസികമായ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നതെന്നും സഞ്ജിത്ത് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'ത്രയം', ശ്രീനാഥ് ഭാസി നായകനായ 'നമുക്ക് കോടതിയിൽ കാണാം' എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സഞ്ജിത്ത്. രണ്ട് സിനിമകളുടേയും ചിത്രീകരണം പൂർത്തിയായെങ്കിലും റിലീസ് ചെയ്തിട്ടില്ല. ചിത്രങ്ങൾ വൈകാതെ റിലീസ് ചെയ്യുമെന്നും സഞ്ജിത്ത് വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ ഒരു വർഷമായി സിനിമ ചെയ്യാത്തത് എന്തുകൊണ്ട്, ചെയ്ത രണ്ട് സിനിമകൾ ഇറങ്ങാത്തത് എന്തുകൊണ്ട് എന്ന ചോദ്യങ്ങൾ.. രണ്ട് സിനിമയും കഴിഞ്ഞ് ഇരിക്കുകയാണ്. പ്രശ്‌നം എന്തുമാവട്ടെ അതൊക്കെ എന്റെ പ്രശ്‌നങ്ങൾ ആയി കണ്ട് ഞാൻ സിനിമ തൽക്കാലത്തേക്ക് നിർത്തുകയാണ്. ഞാൻ സിനിമയിൽ വന്നത് വളരെ കഷ്ടപ്പെട്ടാണ്. എന്റെ ആരും സിനിമയിൽ ഇല്ല. എന്നിട്ടും വളരെ കഷ്ടപ്പെട്ട് ഞാൻ എത്തി. ആ യാത്ര അത്ര എളുപ്പമായിരുന്നില്ല.

ഇവിടെവരെയെത്തി തോറ്റ് തിരിച്ചുപോകുന്നത് ശരിയല്ലെന്ന് അറിയാം. പക്ഷേ ഈ മനസിന്റെ ഭാരം ഭയങ്കരമാണ്. പറ്റുന്നില്ല. ജീവിതത്തിൽ ഒരിക്കൽ തോറ്റു എന്ന് തോന്നിയപ്പോൾ ജീവിക്കണമെന്ന് തോന്നിയത് സിനിമയിൽ വന്നപ്പോഴാണ്. ഇനി എന്ത്, എന്തിന് എന്ന ഒരു ചോദ്യം മാത്രം ബാക്കി. ഈ സിനിമകൾ അടുത്ത് തന്നെ റിലീസ് ആവും.- സഞ്ജിത്ത് കുറിച്ചു.

2022 ഓഗസ്റ്റിൽ തിയറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്ന ചിത്രമാണ് ത്രയം. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആയിരുന്നു നിർമ്മാണം. ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, അജു വർഗീസ്, ഡെയ്ൻ ഡെവിസ്, നിരഞ്ജൻ മണിയൻപ്പിള്ളരാജു, രാഹുൽ മാധവ്, ചന്ദുനാഥ് തുടങ്ങിയ വൻ താരനിരയിലാണ് ചിത്രം എത്തിയത്. ടീസറും പുറത്തുവന്നിരുന്നു. ശ്രീനാഥ് ഭാസി നായകനായി എത്തിയ നമുക്ക് കോടതിയിൽ കാണാം' എന്ന ചിത്രം സെപ്റ്റംബറിലാണ് പൂർത്തിയാക്കിയത്.